
ദില്ലി: ഗുരുനാനാക് ദേവിന്റെ 'പ്രകാശ് പൂർബ്' ആഘോഷങ്ങൾക്കായി ഏകദേശം 2,000 സിഖ് തീർത്ഥാടകരെ അട്ടാരി-വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടത്തി വിടപ്പോൾ ഹിന്ദുക്കളെ തടഞ്ഞതായി റിപ്പോർട്ട്. പാക് അധികൃതർ ഹിന്ദു തീർത്ഥാടകരെ തടഞ്ഞുനിർത്തി തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. ഗുരു നാനാക് ദേവിന്റെ 556-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച വാഗാ അതിർത്തി വഴി ഏകദേശം 2,000 ഇന്ത്യൻ സിഖ് തീർത്ഥാടകരാണ് പാകിസ്ഥാനിൽ പ്രവേശിച്ചത്. ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തിന്റെ പ്രധാന ചടങ്ങ് ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുരുദ്വാര ജന്മസ്ഥാനിൽ നടക്കും.
അകാൽ തഖ്ത് നേതാവ് ഗിയാനി കുൽദീപ് സിംഗ് ഗർഗജ്, ബിബി ഗുരീന്ദർ കൗറിൻ്റെ നേതൃത്വത്തിലുള്ള ശ്രീമോണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പ്രതിനിധികൾ, ഡൽഹി ഗുരുദ്വാര മാനേജ്‌മെൻ്റ് കമ്മിറ്റിയുടെ രവീന്ദർ സിംഗ് സ്വീത എന്നിവരും വാഗാ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നവരിൽ ഉൾപ്പെടുന്നു.
പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റും പഞ്ചാബ് ന്യൂനപക്ഷ മന്ത്രിയുമായ സർദാർ രമേശ് സിംഗ് അറോറ, ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി) മേധാവി സാജിദ് മഹമൂദ് ചൗഹാൻ, അഡീഷണൽ സെക്രട്ടറി ഷ്രൈൻസ് നാസിർ മുഷ്താഖ് എന്നിവർ വാഗ ചെക്ക് പോസ്റ്റിൽ ഇന്ത്യൻ തീർഥാടകരെ സ്വീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഗുരുനാനാക് ദേവിന്റെ ജന്മവാർഷികത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സർക്കാർ 2,150 ഇന്ത്യൻ സിഖുകാർക്ക് വിസ അനുവദിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിഖ് തീർത്ഥാടകർ 10 ദിവസം തങ്ങി നവംബർ 13 ന് ഇന്ത്യയിലേക്ക് മടങ്ങും. തങ്ങുമ്പോൾ, തീർത്ഥാടകർ ഗുരുദ്വാര പഞ്ച സാഹിബ് ഹസൻ അബ്ദാൽ, ഗുരുദ്വാര സച്ച സൗദ ഫറൂഖാബാദ്, ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂർ എന്നിവ സന്ദർശിക്കും.
വാഗാ അതിർത്തിയിൽ ഹിന്ദുക്കൾ എല്ലാ കുടിയേറ്റ, യാത്രാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു. ഇതൊക്കെയാണെങ്കിലും അവരെ രാജ്യത്തേക്ക് കടക്കുന്നത് തടഞ്ഞു. നങ്കന സാഹിബിലേക്കുള്ള പ്രത്യേക ബസിൽ കയറുന്നതിന് തൊട്ടുമുമ്പാണ് പാകിസ്ഥാൻ അധികൃതർ ഹിന്ദു തീർത്ഥാടകരെയും സിഖുകാരെയും വേർതിരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള പാകിസ്ഥാന്റെ മനഃപൂർവമായ ശ്രമമാണെന്നും ആരോപണമുയർന്നു. ലഖ്‌നൗവിൽ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു സംഘത്തെയും തിരിച്ചയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam