12 മണിക്കൂറിൽ രണ്ടാം സ്ഫോടനം: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറി പൊട്ടിത്തെറിച്ച് എട്ട് മരണം

By Web TeamFirst Published Jan 11, 2020, 9:22 PM IST
Highlights

ബൊയ്‍സറിലെ കോൾവാഡെ എന്ന ഗ്രാമത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മുംബൈ നഗരത്തിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലത്തിലാണ് കോൾവാഡെ.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ബൊയ്‍സർ എന്ന മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പാൽഘർ ജില്ലയിൽ ബൊയ്‍സർ മേഖലയിലെ കോൾവാഡെ എന്ന ഗ്രാമത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മുംബൈ നഗരത്തിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലത്തിലാണ് കോൾവാഡെ.

പൊലീസും ഫയർഫോഴ്‍സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണിപ്പോൾ. വൈകിട്ട് 7.20-ഓടെ ഉണ്ടായ സ്ഫോടനത്തിന്‍റെ ശബ്ദം ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വൻ പ്രകമ്പനം ഉണ്ടാക്കിയ ഉഗ്രസ്ഫോടനമാണ് നടന്നത്. സ്ഥലത്തേക്ക് ഫയർഫോഴ്‍സിന്‍റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമാണെന്നും പൊലീസ് വക്താവ് ഹേമന്ദ് കത്കർ വ്യക്തമാക്കി.

(കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ)

12 മണിക്കൂറിനിടെ രാജ്യത്ത് ഒരു ഫാക്ടറിയിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഗുജറാത്തിലെ വഡോദരയിൽ ഉച്ചയോടെ ഒരു വാതക ഫാക്ടറിയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വഡോദരയുടെ പ്രാന്തപ്രദേശമായ പഡ്‍രയിലെ എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. വ്യാവസായിക, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വാതകങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ് എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഓക്സിജൻ, നൈട്രജൻ, ആർഗൺ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയും, ഇവയുടെ മിശ്രിതങ്ങളും നിർമിക്കുന്ന കമ്പനിയിലുണ്ടായ സ്ഫോടനത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇവിടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

Read more at: ഗുജറാത്തില്‍ വാതക ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

click me!