
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്.വെട്ടിക്കുറച്ച ഹജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വോട്ടയിൽ 80 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 52000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ ഹജ്ജ് ചെയ്യാൻ അപേക്ഷ നൽകിയിരുന്നത്. സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു.
വഖഫ് വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗിന് ശുഭ പ്രതീക്ഷയുണ്ട്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നീതിബോധം കാണിച്ചു. നിയമത്തിന് എതിരെയുള്ള ജനകീയ പ്രതിരോധം കോടതി ശ്രദ്ധിച്ചു. വിഷയം കോടതി ഗൗരവത്തിൽ പരിഗണിച്ചു എന്നത് ആശ്വാസകരമാണ്. കേന്ദ്ര ഗവൺമെന്റിന് ചില കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നു. മുനമ്പം പ്രശ്നത്തിൽ സർക്കാർ ഇടപെടണം എന്ന് നേരത്തെ ലീഗ് പറഞ്ഞതാണ്. അത് മാത്രം ആണ് പരിഹാരം. എല്ലാവരെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി ചർച്ച ചെയ്താൽ തീർക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നം. സർക്കാർ വിചാരിച്ചാൽ തീരുന്നതാണ് മുനമ്പം പ്രശ്നം. അതിന് എന്ത് സഹായവും ലീഗ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam