
മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.
അതിനിടെ സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തിന്റെ പ്രചാരണത്തിന് 26 കോടി അനുവദിച്ച നടപടിക്കെതിരെ ചെന്നിത്തല രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം 25.915 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെറും മൂന്ന് മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
'കേരളത്തില്‍ ആശുപത്രികളിൽ ആവശ്യ മരുന്നുകൾ വാങ്ങാൻ പണമില്ലെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളകുടിശിക നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ക്ഷേമനിധി പെന്‍ഷനുകള്‍ നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ആശാവര്‍ക്കര്‍മാര്‍ക്ക് വേതനവര്‍ധനയ്ക്കു പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, പണമില്ലാത്തതു മൂലം റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനങ്ങള്‍ നടത്തതാതെ അനധികൃത നിയമന നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഒരു തത്വദീക്ഷയുമില്ലാതെ കോടികള്‍ പ്രചാരണത്തിനു മാത്രം വകയിരുത്തിയിരിക്കുകയാണ്. പ്രചാരണത്തിന് ഇത്രകോടികള്‍ ചിലവഴിക്കുമെങ്കില്‍ പരിപാടിയുടെ ചിലവ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കാം. എത്ര പണം ചിലവഴിച്ചും ആര്‍ഭാടത്തിന്റെ മേലങ്കികള്‍ ചാര്‍ത്തിയാലും ഭരണപരാജയത്തിന്റെ കൊടുംദുര്‍ഗന്ധത്തെ മറയ്ക്കാനാവില്ലെന്നോര്‍ക്കണം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍. ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം' - ചെന്നിത്തല കുറിച്ചതിങ്ങനെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം