
മുസാഫര്‍നഗര്‍ : ഹാഫ് പാന്‍റ്സിനും ജീന്‍സിനും വിലക്കുമായി ഉത്തര്‍ പ്രദേശിലെ ഈ പഞ്ചായത്ത്. മുസാഫര്‍ നഗറിലെ ചാര്‍താവാലിലാണ് സംഭവം. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും ആണ്‍കുട്ടികള്‍ ഹാഫ് പാന്‍റ്സ് ധരിക്കുന്നതിനുമാണ് വിലക്ക്. വിലക്ക് ധിക്കരിക്കുന്നവര്‍ക്ക് പരസ്യമായി ശിക്ഷയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഗാതന്‍ നയിക്കുന്നതാണ് ഈ പഞ്ചായത്ത്. ചൊവ്വാഴ്ചയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഗാതന്‍ ദേശീയ പ്രസിഡന്‍റ് താക്കൂര്‍ പൂരാന്‍ സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമത്തിന്‍റെ പരമ്പരാഗത സംസ്കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിലപാടെന്നാണ് താക്കൂര്‍ പൂരാന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗ്രാമത്തിന് വെളിയിലോ ജോലി സ്ഥലങ്ങളിലോ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനോട് തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അവര്‍ തിരികെ ഗ്രാമത്തിലെത്തുമ്പോള്‍ അത് പറ്റില്ല. പാശ്ചാത്യ സംസ്കാരം തങ്ങളുടെ ഗ്രാമത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറയുന്നു.
ഈ മേഖലയിലെ താക്കൂര്‍ വിഭാഗത്തിന്‍റെ മുഖമായ വ്യക്തി കൂടിയാണ് താക്കൂര്‍ പൂരാന്‍ സിംഗ്. പെണ്‍കുട്ടികളുടെ പഠനവും അവര്‍ ജോലി ചെയ്യുന്നതിനേയും പിന്തുണയ്ക്കുന്നുവെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറയുന്നു. സ്കൂളില്‍ യൂണിഫോമായും ജോലിയിടങ്ങളിലെ വസ്ത്രമായും പാശ്ചാത്യ വേഷങ്ങള്‍ അവര്‍ക്ക് ധരിക്കാമെന്നും വീടുകളില്‍ പരമ്പരാഗത രീതി തുടരണമെന്ന് മാത്രമാണ് നിര്‍ദ്ദേശിക്കുന്നതെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറയുന്നു.
തങ്ങളുടെ വീടുകളിലെ സ്ത്രീകള് പൊലീസില്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്ക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അവര്‍ ധരിക്കുന്ന വസ്ത്രത്തിന് ഒരു പങ്കുമില്ലെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറയുന്നു. ശിക്ഷ നല്‍കും എന്നതിലൂടെ ഉദ്ദേശിക്കുന്നത് കൌണ്‍സിലിംഗ് ആണെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam