ഈ ബ്രാഞ്ചില്‍ നിന്നും നാല് ദിവസത്തില്‍ ഇടപാടുകാര്‍ പിന്‍വലിച്ചത് 9 കോടി രൂപ; കാരണം 'കേന്ദ്രത്തിന്‍റെ പ്രതികാരമെന്ന' പ്രചാരണം

By Web TeamFirst Published Jan 24, 2020, 1:06 PM IST
Highlights

ഭാവിയില്‍ ദേശീയ  ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കും എന്നത് സംബന്ധിച്ചായിരുന്നു പ്രദേശിക മാധ്യമങ്ങളില്‍ വന്ന പരസ്യം. 

തൂത്തൂകുടി: ബാങ്ക് അക്കൗണ്ട് കെവൈസിയുമായി എന്‍പിആര്‍ വിവരങ്ങള്‍ ചേര്‍ക്കും എന്ന പത്ര പരസ്യത്താല്‍ തമിഴ്നാട്ടിലെ തൂത്തുകുടിയിലെ ഒരു ബാങ്ക് ബ്രാഞ്ചില്‍ നിന്നും ഇടപാടുകാര്‍ പിന്‍വലിച്ചത് 9 കോടി രൂപ. തൂത്തുകുടിയിലെ കായല്‍പട്ടണത്തിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച പ്രദേശിക പത്രത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെതായി വന്ന പരസ്യമാണ് ഇടപാടുകാരില്‍ ഭീതിയുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ഭാവിയില്‍ ദേശീയ  ജനസംഖ്യ റജിസ്ട്രറിലെ വിവരങ്ങള്‍ അക്കൗണ്ടുള്ളവരുടെ കെവൈസി വിവരങ്ങളായി പരിഗണിക്കും എന്നത് സംബന്ധിച്ചായിരുന്നു പ്രദേശിക മാധ്യമങ്ങളില്‍ വന്ന പരസ്യം. എന്നാല്‍ മുസ്ലീം വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയില്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം സിഎഎ വിരുദ്ധസമരം ചെയ്തവരോട് കേന്ദ്രം സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്ന നടപടിയുടെ ഭാഗമാണെന്ന പ്രചാരണം നടന്നു. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ബാങ്കില്‍ എത്തി തങ്ങളുടെ അക്കൗണ്ടിലെ തുകകള്‍ പിന്‍വലിച്ചു തുടങ്ങി.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കായല്‍പട്ടണം ബ്രാഞ്ച് മാനേജര്‍ എ മാരിയപ്പന്‍റെ വാക്കുകള്‍ പ്രകാരം, തിങ്കളാഴ്ചയാണ് ഏറ്റവും വലിയ പിന്‍വലിക്കല്‍ നടന്നത്. സ്ത്രീകള്‍ അടക്കം കൂട്ടത്തോടെ എത്തിയാണ് പണം പിന്‍വലിച്ചത്. സാധാരണ നിലയില്‍ സ്ത്രീകള്‍ ഇടപാടുകാരായി ഈ ബ്രാഞ്ചില്‍ എത്തുന്നത് കുറവാണെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

ചൊവ്വാഴ്ച മാത്രം ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ഇടപാടുകാര്‍ പിന്‍വലിച്ചു. ഏതാണ്ട് 10,000 കുടുംബങ്ങള്‍ അധിവസിക്കുന്ന തീരദേശ പ്രദേശമാണ് കായല്‍പട്ടണം. ഇവിടുത്തെ വലിയൊരു വിഭാഗം ഗള്‍ഫില്‍ അടക്കം ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ ബ്രാഞ്ചില്‍ ഏറെ എന്‍ആര്‍ഐ അക്കൗണ്ടുകളുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നത് വ്യാജ പ്രചാരണത്തിന് ശേഷമാണ് എന്ന് അറിഞ്ഞതോടെ ബാങ്ക് ഇടപാടുകാര്‍ക്കിടയില്‍ ബോധവത്കരണവുമായി ഇറങ്ങിയിട്ടുണ്ട്. എന്‍പിആര് വിവരങ്ങള്‍ കെവൈസിക്ക് നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നും, അതും നല്‍കാം എന്നത് ഉപാദി മാത്രമാണെന്ന് ബാങ്ക് പറയുന്നു.

എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ സംസാരിച്ച പ്രദേശ വാസിയായ ശബാന എന്ന യുവതി പറയുന്നത്, സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ തിരിച്ചടി എന്ന നിലയില്‍ ഞങ്ങളുടെ നിക്ഷേപങ്ങള്‍ പോലും സുരക്ഷിതമാകില്ലെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു എന്നാണ്. ശബാനയുടെ ഭര്‍ത്താവ് പ്രവാസിയാണ്, ഇദ്ദേഹം ഗള്‍ഫില്‍ നിന്നും പണം അയക്കുന്നത് ബാങ്കുവഴിയാണ്. അതേ സമയം ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്ക് അധികൃതര്‍ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കായല്‍പ്പട്ടണത്തില്‍ പൊലീസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ സമീപ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് പൊലീസ് എത്തിയത്. 

അതേ സമയം സമീപകാലത്തെ എന്‍ആര്‍സി, സിഎഎ വിവാദങ്ങളും സമരങ്ങളും ഉണ്ടാക്കിയ സാമൂഹ്യ അന്തരീക്ഷത്തില് ചെറിയ പ്രചാരണങ്ങളില്‍ പോലും, പ്രക്ഷോഭങ്ങള്‍ക്ക് മുന്നണിയില്‍ നിന്ന ജനങ്ങളില്‍ ഭീതിയുണ്ടാകുന്നത് സ്വഭാവികമാണെന്നാണ് എസ്.കെ സലീഹ് എന്ന പ്രദേശത്തെ ജനകീയ ബോധവത്കരണ അസോസിയേഷന്‍ മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്.കെ സലാഹ് ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.
 

click me!