
ദില്ലി: വിവാദങ്ങൾക്കിടെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ആംആദ്മി പാർട്ടിയും, തൃണമൂൽ കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിക്കും. രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇരു പാർട്ടി നേതാക്കളും പറയുന്നു. ചടങ്ങ് ബഹിഷ്ക്കരിക്കാൻ കോൺഗ്രസും ഇടത് പക്ഷവും തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
വരുന്ന ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് നേരത്തെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ശക്തമാക്കുകയാണ്. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്.പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്‍റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അവസരം ഒരുക്കാനായി പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്‍റിന്‍റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. ഭൂമിപൂജ നടത്തി തറക്കില്ലിട്ടത് പ്രധാനമന്ത്രിയായിരുന്നു.പാര്‍ലമെന്‍റിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തതും മോദി. രാഷ്രീയ നേട്ടത്തിന് ആര്‍എസ്എസും ബിജെപിയും പാര്‍ലമെന്‍റിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം കടുപ്പിക്കുകയാണ്. സവര്‍ക്കര്‍ ജയന്തി ദിനം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നും വിമര്‍ശനമുയരുന്നു. ദളിതായ രാഷ്ട്രപതിയെ അവഗണിച്ചെന്ന ആക്ഷേപം കടുപ്പിച്ചും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam