
ദില്ലി: പാര്‍ലമെന്‍റിലെ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്ന് പ്രതികള്‍. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചതെന്നും പ്രതികൾ അന്വേഷണ ഏജൻസികളോട് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. ജനുവരി മുതൽ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി. അതേസമയം, പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യംചെയ്യും. സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഭഗത് സിങ് എന്ന ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാൻ ശ്രമിച്ചെന്ന് പ്രതികൾ മൊഴി നല്‍കി. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങുകയും പ്രതികളിലൊരാളായ മനോരഞ്ജൻ മൺസൂൺ സമ്മേളനത്തിനിടെ പാർലമെൻറിൽ സന്ദർശകനായി എത്തുകയും ചെയ്തു. ഇന്നലെ ലോക്സഭയില്‍ കയറുന്നതിനായി പ്രാദേശിക എം പി യായ പ്രതാപ് സിൻഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളിൽ മൂന്ന് ദിവസം മുൻപാണ് എല്ലാവരും ദില്ലിയിലെത്തിയത്. വിശാൽ ശർമ്മ ഇവരെ ഗുരുഗ്രാമിൽ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്‍റിന് പുറത്തുണ്ടായിരുന്നു. ഇയാള്‍ പ്രതിഷേധം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം നൽകി സർക്കാരിന്‍റെ കർഷക സമരം,മണിപ്പുരടക്കം വിഷയങ്ങളിലെ എതിർപ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, പാര്‍ലമെന്‍റിലെ ഗുരുതര സുരക്ഷാ വീഴ്ച ഇരു സഭകളിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. രാജ്യസഭയിലും വിഷയം ഉന്നയിക്കാനാണ് തീരുമാനം.ഇതിനിടെ ഇന്ത്യ സഖ്യയോഗം പാർലമെൻറ് ചേരുന്നതിന് മുന്നോടിയായി നടക്കും. രാഷ്ട്രതിയെ കാണാനും പ്രതിപക്ഷ കക്ഷികൾ സമയം ചോദിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam