
ദില്ലി: അമിത്ഷായുടെ അംബേദ്കര്‍ പരമാര്‍ശത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ഇന്നും പ്രതിഷേധം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷം പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. എത്രകേസ് വന്നാലും രാഹുല്‍ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാല്‍ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
വിജയ് ചൗക്കില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ഖര്‍ഗെ എന്നിവര്‍ക്കൊപ്പം എന്‍സിപി, ശിവേസന ഉദ്ധവ് വിഭാഗം, ഡിഎംകെ തുടങ്ങിയ ഘടകക്ഷികളും അണിനിരന്നു. 'ഐ ആം അംബേദ്കര്‍' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് ഇന്ത്യ മുന്നണി എംപിമാർ മാര്‍ച്ച് നടത്തിയത്. അമിത് ഷാ മാപ്പ് പറഞ്ഞെ മതിയാവൂയെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്‍റെ ഐക്യം വ്യക്തമാക്കുന്നതായിരുന്നു പ്രതിഷേധം. അംബേദ്കറിനെ അപമാനിച്ച അമിത്ഷാക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ഡിംപിള്‍ യാദവ് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ കേസിലും നേതാക്കള്‍ പ്രതിഷേധിച്ചു. 27 കേസുകള്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം രാഹുല്‍ ഗാന്ധിക്കെതിരെയെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിലാണ് പുതിയ കേസെന്നും, നേരിടുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരോധിത മേഖലയിലൂടെയാണ് പ്രതിഷേധം കടന്ന് പോയതെങ്കിലും സമാധാനപരമായതിനാല്‍ പൊലീസ് തടഞ്ഞില്ല. പ്രതിഷേധങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളുമായി നേതാക്കാള്‍ പാര്‍ലമെന്‍റ് വളപ്പിനുള്ളിലേക്ക് കടന്നു. ഭരണപക്ഷം രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധി ഗുണ്ടായിസം കാട്ടിയതിന് താന്‍ സാക്ഷിയാണെന്ന് നിഷികാന്ത് ദുബൈ എംപി പറഞ്ഞു. അദാനി വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സഭക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. 39 അംഗ ജെപിസിയെ പ്രഖ്യാപിച്ച് അനിശ്ചിത കാലത്തേക്ക് ഇരുസഭകളും പിരിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam