'മദ്യപിച്ച് വാഹനമോടിച്ചയാൾ അപകടം ഉണ്ടാക്കിയാൽ വാഹനത്തിലെ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്തം'

Published : Aug 06, 2022, 12:55 PM ISTUpdated : Aug 06, 2022, 12:58 PM IST
'മദ്യപിച്ച് വാഹനമോടിച്ചയാൾ അപകടം ഉണ്ടാക്കിയാൽ വാഹനത്തിലെ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്തം'

Synopsis

നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് മദ്രാസ് ഹൈക്കോടതി. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാർക്ക് മേൽ നിലനിൽക്കും

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചയാൾ അപകടം ഉണ്ടാക്കിയാൽ ആ വാഹനത്തിൽ സഞ്ചരിച്ച യാത്രക്കാ‍ർക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആ വാഹനത്തിൽ യാത്ര ചെയ്താൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാർക്ക് മേലെയും നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭരത ചക്രവർത്തിയാണ് വിധി പുറപ്പെടുവിച്ചത്.

മദ്യപിച്ചില്ല എന്നതോ വാഹനം ഓടിച്ചില്ല എന്നതോ നടപടിയിൽ നിന്ന് ഒഴിവാകാനുള്ള ന്യായം ആകില്ല. ഡ്രൈവർ മദ്യലഹരിയിൽ ആണെന്നറിഞ്ഞിട്ടും വാഹനത്തിൽ യാത്ര ചെയ്തത് അയാൾക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 2013ൽ മറീന ബീച്ചിന് സമീപം മൂന്ന് വഴിയാത്രക്കാർ വാഹനമിടിച്ച് മരിച്ച കേസിൽ നിന്ന് ഒഴിവാക്കണം എന്ന് കാട്ടി സഹയാത്രികയായിരുന്ന ഡോക്ടർ ലക്ഷ്മി നൽകിയ ഹർജി തള്ളിയാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 

2013 നവംബർ 13ന് പുലർച്ചെ മൂന്ന് മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അൻപുസൂര്യ എന്നയാൾ ഓടിച്ച കാർ മറീന ബീച്ച് റോഡിൽ ഓൾ ഇന്ത്യ റേഡിയോക്ക് സമീപം വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറി മൂന്ന് പേ‍ർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രണ്ട് മീൻ കച്ചവടക്കാരും ‍ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. അൻപുസൂര്യയുടെ സഹോദരി ഡോ.ലക്ഷ്മി വാഹനത്തിന്‍റെ മുൻ സീറ്റിലും സുഹൃത്തായ സെബാസ്റ്റ്യൻ കൃഷ്ണൻ എന്നയാൾ പിൻ സീറ്റിലും യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഈ സംഭവത്തിൽ വാഹനമോടിച്ചയാൾക്കും രണ്ട് സഹയാത്രികർക്കും എതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡോക്ടർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. താൻ മദ്യപിച്ചില്ലായിരുന്നു എന്നും ഇക്കാര്യം മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായും ഡോക്ടർ വാദിച്ചു. വാഹനമോടിച്ച സഹോദരൻ മദ്യപിച്ചോ എന്നത് മനസ്സിലാക്കാൻ ആയില്ലെന്ന ഡോക്ടറുടെ വാദവും കോടതി തള്ളി. 

കേസിന്‍റെ സാഹചര്യം പരിഗണിക്കുമ്പോൾ പ്രേരണാ കുറ്റം, മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം എന്നിവയിൽ  നിന്ന് ഹർജിക്കാരിക്ക് ഒഴിവാകാനാകില്ല. രാത്രിയിൽ ബീച്ചിൽ കറങ്ങാൻ പോകാമെന്ന് തീരുമാനിച്ചത് മൂന്ന് പേരും കൂടിയാണ്. രാത്രി മൂന്ന് മണിക്ക് ബീച്ചിലേക്ക് യാത്ര പോകുമ്പോൾ പരാതിക്കാരി കാറിന്‍റെ മുൻസീറ്റിലായിരുന്നു. അൻപുസൂര്യ മദ്യപിച്ചിട്ടുണ്ടെന്ന് കാറിൽ യാത്ര ചെയ്ത മറ്റ് രണ്ട് പേ‍‍ർക്കും അറിയാമായിരുന്നു. മദ്യലഹരിയിലുള്ളയാളുമായി കാറിൽ കറങ്ങാനിറങ്ങുന്നത്  അപകടകരമായ യാത്രയ്ക്കുള്ള പ്രോത്സാഹനമായേ കാണാനാകൂ. അപകടത്തിന് മൂന്ന് പേർക്കും തുല്യ ഉത്തരവാദിത്തമാണ്. അതുകൊണ്ട് കാറിലുണ്ടായിരുന്നവർക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുമെന്ന് പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'