
ഭോപ്പാൽ: മധ്യപ്രദേശിലെ റത്ലം ജില്ലയിൽ റെയിൽവേ ക്രോസിൽ കുടുങ്ങിയ കാറിലേക്ക് പാസഞ്ചർ ഇടിച്ചുകയറി അപകടം. റത്ലം ജില്ലയിലെ ബഞ്ചാലി - സെജാവത ബൈപ്പാസിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 192 ലാണ് അപകടം സംഭവിച്ചത്. ട്രാക്കിൽ കുടുങ്ങിയ കാറിലേക്ക് വൽസാദ് - ഹിസാർ എക്സ്പ്രസ് (04728) വന്നിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. പ്രണവ് ഉപാധ്യായ എന്നയാൾ ഓടിച്ചിരുന്ന കാറാണ് ട്രാക്കിൽ കുടുങ്ങിയത്.
ലെവൽ ക്രോസിങ് ഗേറ്റ് അടച്ചതോടെ കാറിന് മുന്നോട്ടും പിന്നോട്ടും എടുക്കാൻ കഴിയാതെ വരുകയും പിന്നാലെ ട്രെയിൻ പാഞ്ഞെത്തി ഇടിക്കുകയുമായിരുന്നു. ട്രാക്കിൽ കാർ കിടക്കുന്നത് ദൂരെനിന്ന് തന്നെ കണ്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിനിന്റെ വേഗത കുറച്ചതോടെയാണ് വലിയൊരു അപകടം ഒഴിവായത്. വലിയ വേഗതയിലല്ലാതെ എത്തിയതിനാൽ ട്രെയിൻ കാറിലിടിച്ചെങ്കിലും ആളപായമുണ്ടായില്ല. വിവരമറിഞ്ഞ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി.
ക്രെയിൻ ഉപയോഗിച്ച് കാർ ട്രാക്കിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. കാർ എങ്ങനെ ട്രാക്കിൽ കുടുങ്ങി എന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് റത്ലം ഡിവിഷണൽ റെയിൽവേ മാനേജർ അശ്വിനി കുമാർ ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam