
മുംബൈ: തായ്‌ലൻഡിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരു ഇന്ത്യൻ പൗരനെ കസ്റ്റംസ് പിടികൂടി. ലഗേജിൽ ഒളിപ്പിച്ച നിലയിൽ 48 അത്യധികം വിഷമുള്ള പാമ്പുകളും അഞ്ച് ആമകളുമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞത്. പരിശോധിച്ച ലഗേജിൽ നിന്ന് 48 വിഷമുള്ള വൈപ്പറുകളെയും (ഇതിൽ മൂന്നെണ്ണം സ്പൈഡർ-ടെയിൽഡ് ഹോൺഡ് വൈപ്പറുകളും 44 എണ്ണം ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളും), കൂടാതെ അഞ്ച് ഏഷ്യൻ ലീഫ് ആമകളുമായിരുന്നു ഉണ്ടായിരുന്നത്. കസ്റ്റംസ് ബ്യൂറോ, പിടിച്ചെടുത്ത പല നിറങ്ങളിലുള്ള പാമ്പുകൾ കണ്ടെയ്‌നറുകളിൽ പിടയുന്നതിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
റെസ്‌ക്വിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ ജീവനക്കാരാണ്, പിടിച്ചെടുത്ത ഉരഗങ്ങളെ സുരക്ഷിതമായി തിരിച്ചറിയാനും കൈകാര്യം ചെയ്യാനും കസ്റ്റംസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. പിടിച്ചെടുത്ത മൃഗങ്ങളെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അവ കൊണ്ടുവന്ന രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (WCCB) ഉത്തരവിട്ടു. സംരക്ഷിത ജീവിവർഗ്ഗങ്ങളുടെ വ്യാപാരത്തെയും ഇറക്കുമതിയെയും കര്‍ശനമായി നിയന്ത്രിക്കുന്നതാണ് ഈ നിയമം.
ലൈസൻസോ പെർമിറ്റോ ഇല്ലാതെ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമങ്ങളിൽ നിരോധനമുണ്ട്. ഈ നിരോധനങ്ങൾ ബാധകമായവയാണ് പിടിച്ചെടുത്ത ഈ ജീവികൾ. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam