
ഭോപ്പാൽ: മരിച്ച മൂന്ന് അധ്യാപകർക്ക് അറ്റൻ്റൻസ് മാർക് ചെയ്യാത്തതിന് ശമ്പളം കട്ട് ചെയ്യുമെന്ന മുന്നറിയിപ്പ് നോട്ടീസ് അയച്ച് ഇളിഭ്യരായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്. മൂന്ന് ദിവസത്തിനകം ഇ-അറ്റൻ്റൻസ് രേഖപ്പെടുത്തിയില്ലെങ്കിൽ ശമ്പളം തരില്ലെന്നായിരുന്നു മുന്നറിപ്പ്. മധ്യപ്രദേശിലെ റേവയിലാണ് സംഭവം.
ഔദ്യോഗിക രേഖകളിൽ അധ്യാപകർ മരിച്ചതായി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ഇവർ ജോലിക്കെത്താത്തത് അനധികൃത അവധിയായാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈയടുത്താണ് അറ്റൻ്റൻസ് കർശനമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി അധ്യാപകരോട് ഇ-അറ്റൻ്റൻസ് മാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടത്. 1500 ഓളം വരുന്ന അധ്യാപകർക്ക് ഇതിൻ്റെ ഭാഗമായി നോട്ടീസ് അയച്ചിരുന്നു. ഇവരിൽ മൂന്ന് മരിച്ച അധ്യാപകരും ഉൾപ്പെട്ടതാണ് വിവാദത്തിന് കാരണമായത്.
രണ്ട് വർഷം മുൻപ് മരിച്ച ദേവ്‌ത ദിൻ കോൾ, ഈ വർഷം മരിച്ച ഛോട്ടേലാൽ സാകേത്, രാംഗരീബ് ദീപാങ്കർ എന്നിവർക്കാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. അതേസമയം ഈ അധ്യാപകർക്ക് മരണശേഷവും ശമ്പളം നൽകിയോ എന്ന ചോദ്യവും ഉർന്നിട്ടുണ്ട്. അതേസമയം ക്ലസ്റ്റർ പ്രിൻസിപ്പൽമാർക്ക് പറ്റിയ കയ്യബദ്ധമാണിതെന്നും ഉടൻ തിരുത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.