
കൊൽക്കത്ത: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ പശ്ചിമ ബംഗാളിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റർ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന യാത്ര 19 ദിവസം നീണ്ടുനിൽക്കും. മുഹമ്മദ് സലിം, സുജൻ ചക്രവർത്തി അടക്കം മുൻനിര നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂച് ബിഹാർ ജില്ലയിലെ തുഫാൻഗഞ്ചിൽ നിന്ന് തുടങ്ങുന്ന യാത്ര, 11 ജില്ലകളിലൂടെ സഞ്ചരിച്ച നോർത്ത് 24 പർഗനാസ് ജില്ലയിലെ കമർഹതിയിൽ ഡിസംബർ 17 ന് സമാപിക്കും.
ഇതോടൊപ്പം യാത്ര പ്രവേശിക്കാത്ത മറ്റ് ജില്ലകളിൽ നിന്ന് ചെറുയാത്രകൾ കമർഹതിയിൽ സമാപിക്കും. മീനാക്ഷി മുഖർജിയുടെ നേതൃത്വത്തിലാണ് ഇതിലൊരു ചെറുയാത്ര സംഘടിപ്പിക്കുന്നത്. ജൽപാൽഗുരി, ഡാർജിലിങ്, ഉത്തർ ദിനാജ്‌പുർ, ദക്ഷിൺ ദിനാജ്‌പുർ, മാൾഡ, മുർഷിദാബാദ്, നദിയ, ഹൂഗ്‌ലി, ഹൗറ, നോർത്ത് 24 പർഗനാസ് ജില്ലകളെ ബന്ധിപ്പിച്ചുള്ളതാണ് പ്രധാന യാത്ര.
സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ഒരുപോലെ എതിർക്കുന്ന സംസ്ഥാന സിപിഎമ്മിന് ജനവിശ്വാസം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, വിദ്യാലയങ്ങൾ സംരക്ഷിക്കൽ, മെച്ചപ്പെട്ട ചികിത്സ, മൈക്രോ ഫിനാൻസ് കടക്കെണിയിൽ നിന്ന് സംരക്ഷണം തുടങ്ങി അനവധി വിഷയങ്ങൾ ഉന്നയിച്ചുള്ളതാണ് യാത്ര.
സിപിഎമ്മിന് ശക്തമായ സംഘടനാ സംവിധാനമുള്ള 11 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. സീറോ ടാഗ് മാറ്റുകയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വം പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം എസ്ഐആർ ക്യാംപുകൾ നടത്തി ജനങ്ങൾക്കിടയിൽ പാർട്ടി ഇപ്പോൾ സജീവമായി ഇടപെടുന്നുമുണ്ട്.