
ദില്ലി: പെഗാസസ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി അതേ സമയം കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും നിരീക്ഷിച്ചു.
എൻഎസ്ഒ പെഗാസസ് ചാരസോഫ്റ്റ്‍വെയർ വിൽക്കുന്നത് സർക്കാർ ഏജൻസികൾക്ക് മാത്രമാണെന്ന് എൻ റാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. റിപ്പോർടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോർത്തൽ നടന്നെങ്കിൽ ക്രിമിനൽ കേസ് എന്ത് കൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചപ്പോൾ പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു മുതിർന്ന അഭിഭാഷകന്റെ മറുപടി. ഒരു റിപ്പബ്ലിക്ക് എന്ന നിലയിൽ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്നും സിബൽ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബൽ കോടതിയിൽ ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എൻ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് എന്നിവരുടേയൊക്കെ ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്.
മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജികളിലെ വാദം. സുപ്രീംകോടതി മുൻ ജഡ്ജി അരുണ്‍ മിശ്രയുടെയും അഭിഭാഷകരുടെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെയും ഫോണുകൾ നിരീക്ഷണത്തിലാക്കി എന്ന വെളിപ്പെടുത്തൽ ഇന്നലെ പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam