പെഗാസസ് ഫോൺ ചോർത്തൽ വിവാദം; പ്രകോപനത്തിൽ വീഴരുതെന്ന് എംപിമാരോട് മോദി

By Web TeamFirst Published Aug 4, 2021, 1:26 PM IST
Highlights

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ചയുണ്ടാവില്ലെന്ന് ഉറപ്പാകുകയാണ്. പാർലമെന്റ് നടപടികൾ തുടർച്ചയായ പന്ത്രണ്ടാം ദിനവും ബഹളത്തിൽ മുങ്ങി. അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകണം എന്ന ആവശ്യം സർക്കാർ തള്ളി.


ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അമിത് ഷാ മറുപടി നല്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ പാർലമെൻറ് സംതംഭനം തുടരുന്നു പ്രതിപക്ഷത്തിൻറെ പ്രകോപനത്തിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു. ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ചയുണ്ടാവില്ലെന്ന് ഉറപ്പാകുകയാണ്. പാർലമെന്റ് നടപടികൾ തുടർച്ചയായ പന്ത്രണ്ടാം ദിനവും ബഹളത്തിൽ മുങ്ങി. അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകണം എന്ന ആവശ്യം സർക്കാർ തള്ളി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് നൂറിലധികം പ്രതിപക്ഷ എംപിമാർ എത്തിയതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് അതിനാൽ കോൺഗ്രസ് തീരുമാനം. 

പ്രതിപക്ഷത്തിന്റെ പ്രകോപനത്തിൽ വീഴരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിൽ വന്ന് പേപ്പർ വലിച്ചു കീറിയെറിയുന്നത് അംഗീകരിക്കാനാവില്ല. എന്നാൽ സംയമനത്തോടെ ഇത് നേരിടണം എന്ന നിർദ്ദേശമാണ് നരേന്ദ്ര മോദി പാർട്ടി എംപിമാർക്ക് നൽകിയത്. വികസന നയത്തെക്കുറിച്ച് പാർലമെന്റിൽ പരമാവധി സംസാരിക്കാനും മോദി ഉപദേശിച്ചു. 

ഇതിനിടെ കാർഷിക ബില്ലുകളെക്കുറിച്ച് കോൺഗ്രസ് അകാലിദൾ എംപിമാർക്കിടയിൽ പാർലമെൻ്റ് കവാടത്തിൽ വാഗ്വാദം നടന്നു. അകാലിദൾ പ്രതിഷേധിക്കുമ്പോൾ കോൺഗ്രസ് എംപി റവനീത് സിംഗ് ബിട്ടു ചോദ്യം ചെയ്തതാണ് വാഗ്വാദത്തിന് ഇടയാക്കിയത്. ബഹളത്തിനിടെ ബില്ലുകൾ പാസാക്കുന്നതിനെതിരെ എൻ കെ പ്രേമചന്ദ്രൻ സ്പീക്കർക്ക് കത്തു നൽകി. നാളെ സുപ്രീംകോടതി പെഗാസസ് ഫോൺ ചോർത്തലിലെ ഹർജികൾ പ​രി​ഗണിക്കുന്നുണ്ട് ഈ വിവാദം എങ്ങനെ മുന്നോട്ടു പോകും എന്നത് ഇനി കോടതി ഇടപെടൽ നിർണ്ണയിക്കും. 

click me!