
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയന്ത്രിച്ച 'പെൻ' ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി അണികളും നേതാക്കളും രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏജൻസി. വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ശബരീശൻ തന്നെ നേരിട്ട് രംഗത്തെത്തി.
തോൽവിക്ക് പിന്നിൽ ഒരു കാരണം മാത്രമല്ലെന്ന് 'പെൻ' പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ ജനവിധിയെ നിർണയിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി ഘടകങ്ങളാണ്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏജൻസിയുടെ മേൽ മാത്രം കെട്ടിവെച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ലെന്ന് ശബരീശൻ പറഞ്ഞു. ഡിഎംകെയുടെ സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണ രീതികൾ, സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവയെല്ലാം പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് 'പെൻ' ഏജൻസിയായിരുന്നു. എന്നാൽ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ ഏജൻസി എടുത്ത തീരുമാനങ്ങളാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് ജില്ലാ യോഗങ്ങളിൽ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. പാരമ്പര്യമായി പാർട്ടിക്ക് ലഭിക്കേണ്ട വോട്ടുകളിൽ വിള്ളലുണ്ടായതും ഏജൻസിയുടെ വീഴ്ചയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
തിരിച്ചടികളിൽ തളരുന്നില്ലെന്നും കൂടുതൽ കഠിനാധ്വാനത്തോടെ മുന്നോട്ടുപോകുമെന്നും ശബരീശൻ വ്യക്തമാക്കി. വിനയത്തോടെ ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മകമായ ഏത് വിമർശനത്തെയും സ്വാഗതം ചെയ്യുന്നു. തെറ്റുകൾ തിരുത്തി കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ തോൽവി ഡിഎംകെയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഏജൻസിയുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam