
പാറ്റ്ന: ബിഹാറില ഗയയിൽ പാളം തെറ്റിയ ട്രെയിൻ എഞ്ചിൻ നാട്ടുകാർക്കും സാമൂഹിക മാധ്യമങ്ങളിലും കൗതുകക്കാഴ്ചയായി. ട്രാക്കിൽ നിന്ന് മുന്നോട്ട് നീങ്ങിയ ട്രെയിൻ നിയന്ത്രണം വിട്ട് പാളത്തിന് പുറത്തുള്ള പാടത്തേക്ക് ഇറങ്ങുകയായിരുന്നു. എഞ്ചിന്റെ മുൻവശം കണ്ടാൽ പാടത്ത് നിർത്തിയിട്ടിരിക്കുന്നത് പോലെ തോന്നുമെന്നതിനാൽ പലരും ഇതിന്റെ ചിത്രവും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ ഗയയിലായിരുന്നു സംഭവം. വാസിർഗഞ്ച് സ്റ്റേഷനും കൊൽന ഹാൾട്ടിനും ഇടയിലുള്ള രഘുനാഥ്പൂർ ഗ്രാമത്തിലാണ് എഞ്ചിൻ ട്രാക്കിലേക്ക് ഇറങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോച്ചുകളില്ലാതെ ഓടുകയായിരുന്ന എഞ്ചിൻ ലൂപ് ലൈനിൽ ഗയയിലേക്കുള്ള ദിശയിലാണ് നീങ്ങിയത്. നിയന്ത്രണം വിട്ട ട്രെയിൻ ട്രാക്കിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു.
എഞ്ചിൻ പാളം തെറ്റിയതിന് പിന്നാലെ നാട്ടുകാർ പരിസരത്ത് തടിച്ചുകൂടി. ഇവരിൽ ചിലരാണ് പാടത്തു കിടക്കുന്ന എഞ്ചിന്റെ മുൻഭാഗത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വലിയതോതിൽ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു. പാടം ഉഴുതുമറിക്കാൻ ഇപ്പോൾ ട്രാക്ടറിന് പകരം ട്രെയിനാണ് ഉപയോഗിക്കുന്നതെന്നൊക്കെ പലരും കമന്റ് ചെയ്തു. റെയിൽവെ റിലീഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ട്രെയിൻ തിരികെ കയറ്റാനുള്ള ശ്രമങ്ങൾഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവെ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam