
ദില്ലി: യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതിന് പിന്നാലെ ഇന്ത്യയുടെ കിഴക്കന്‍ തീരം അതീവ ജാഗ്രതയിൽ. പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും ഏട്ട് ജില്ലകളെ ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യഞ്ജയ മഹോപാത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിതീവ്രതയിലേക്ക് യാസ് മാറുന്നത് മുന്നിൽ കണ്ട് തീരങ്ങളിൽ ഒഴിപ്പിക്കൽ ദ്രുതഗതിയിലാണ്.
ഒഡീഷയിലെ ചാന്ദിപ്പൂർ, ബാലസോർ മേഖലയിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റുമാർ നേരിട്ടാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പശ്ചിമബംഗാളിൽ വടക്കൻ ജില്ലകളിലും ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. പശ്ചിമബംഗാളിൽ 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൾ. ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. നാളെ വൈകുന്നേരം യാസ് ചുഴലിക്കാറ്റ് 185 കിലോമീറ്റർ വേഗത്തിൽ കരതൊടുമെന്നാണ് പ്രവചനം. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam