വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ സംസാരിക്കണം: അമിത് ഷാ

Published : Apr 08, 2022, 04:17 PM ISTUpdated : Apr 08, 2022, 04:27 PM IST
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ സംസാരിക്കണം: അമിത് ഷാ

Synopsis

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. 

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം (communication) നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണെന്ന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രി (Amit Shah) അമിത് ഷാ. "ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോ​ഗിക ഭാഷയിലായിരിക്കണം,” പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ ഷാ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക ഭാഷകളല്ല, ഇം​ഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോ​ഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.  പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകളും കൂട്ടിച്ചേർത്ത് ഹിന്ദി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അമിത് ഷാ അംഗങ്ങളെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളെല്ലാം പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ, ഹിന്ദി ദിവസിൽ ഭാഷയെക്കുറിച്ച് തന്റെ ആദ്യ പ്രസംഗം നടത്തിക്കൊണ്ട്, "ഒരു രാഷ്ട്രം, ഒരു ഭാഷ" എന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. “ഇന്ത്യ വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ മുഴുവൻ രാജ്യത്തിനും ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, അത് ലോകത്തിലെ രാജ്യത്തിന്‍റെ ഐക്യത്തെ പ്രകടമാക്കുന്നു.'' അമിത് ഷാ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം