
ദില്ലി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരം നൽകി സുപ്രീംകോടതി വിധി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും
ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. അതുവരെ ഡാമിൻ്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് സിടി രവികുമാർ, ജസ്റ്റിസ് എ.എസ്.ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
കേന്ദ്രസർക്കാർ 2021-ൽ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. താൽക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തർക്കം ഉണ്ടാവുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam