'ഞങ്ങളെന്താ പുഴുക്കളോ?', ട്രംപ് വരുന്നതിന് മുമ്പ് മതിൽ കെട്ടി മറച്ച ചേരി നിവാസികൾ ചോദിക്കുന്നു

By Web TeamFirst Published Feb 15, 2020, 11:12 AM IST
Highlights

മെക്സിക്കോയിൽ നിന്ന് അഭയാർത്ഥികളെ അമേരിക്കയിൽ നിന്ന് കടക്കുന്നത് തടയാനാണ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന് 'മതിലെ'ങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിൽ മതിലുകൾ ചേരിക്കാഴ്ച മറയ്ക്കാനാണ്. 

അഹമ്മദാബാദ്: രോഷത്തോടെ ഒരു മതിലുയരുന്നത് നോക്കി നിൽക്കുകയായിരുന്നു അവർ. രാവും പകലുമില്ലാതെ കുറച്ച് പേർ വന്ന് ഒരാൾപ്പൊക്കത്തിൽ ഒരു മതിൽ കെട്ടുന്നു. 'ഞങ്ങൾക്കൊരു വീട് കെട്ടിത്തരാൻ ഉണ്ടായില്ലല്ലോ ഈ ഉത്സാഹം?', കൂട്ടത്തിൽ ചില മുതിർന്ന സ്ത്രീകൾ പിറുപിറുത്തു. മാധ്യമപ്രവർത്തകർ എത്തിയപ്പോൾ ആ രോഷം അണപൊട്ടി പുറത്തുവന്നു.

അവർ മറയ്ക്കപ്പെട്ടവരാണ്. 'ഹൗഡി മോഡി' (എന്തുണ്ട് മോദി?) എന്ന ചോദ്യത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ ഗംഭീര സ്വീകരണത്തിന് പകരമായി 'കെംഛോ ട്രംപ്' (എന്തുണ്ട് ട്രംപ്?) എന്ന് മോദി തിരികെ ചോദിക്കുകയാണ്, ആഢംബര സ്വീകരണ പരിപാടിയിലൂടെ. 

മെക്സിക്കോയിൽ നിന്ന് അഭയാർത്ഥികളെ അമേരിക്കയിൽ നിന്ന് കടക്കുന്നത് തടയാനാണ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന് 'മതിലെ'ങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിൽ മതിലുകൾ ചേരിക്കാഴ്ച മറയ്ക്കാനാണ്. 

അഹമ്മദാബാദ് സിറ്റി എയർപോർട്ടിൽ നിന്ന് സബർമതി ആശ്രമത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇന്ദിരാ ബ്രിഡ്ജ്. ഇതിനടുത്താണ് സരാനിയ വാസ് എന്ന ചേരിപ്രദേശം. ഇവിടെയാണ് 'L' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ ആകൃതിയിൽ ഒരാൾപ്പൊക്കത്തിലുള്ള മതിലുയരുന്നത്. 

24, 25 തീയതികളിലായാണ് ട്രംപിന്‍റെ സന്ദർശനം. അതിന് മുമ്പ് തിരക്കിട്ട് നഗരം മോടി പിടിപ്പിക്കണം.  ട്രംപ് വരുമ്പോൾ, നഗരത്തിൽ ചേരി കാണുന്നത് മോശമാണ്. അതിനാൽ, സർക്കാർ ഉത്തരവനുസരിച്ച് മതിൽ പണിയുകയാണെന്നാണ് ഇതിന് കരാർ കിട്ടിയ കോൺട്രാക്ടർമാർ പറയുന്നത്. 

ഇന്ദിരാ ബ്രിഡ്ജ് വഴി മിനിറ്റുകൾ മാത്രമാണ് ട്രംപിന്‍റെ കോൺവോയ് സഞ്ചരിക്കുക. സബർമതി ആശ്രമത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് ഈ ചേരിയുള്ളത്. ഇത് മറയ്ക്കുന്ന രീതിയിൽ 400 മീറ്റർ നീളത്തിലും, ഏതാണ്ട് ഒരാൾപ്പൊക്കത്തിലുമാണ് ഗുജറാത്ത് സർക്കാർ മതിൽ കെട്ടുന്നത്.

''എന്തിനാണ് ഈ മതിൽ കെട്ടുന്നത്? ഞങ്ങളെന്താ പുഴുക്കളാണോ? ഒളിച്ച് വയ്ക്കേണ്ടവരാണോ? ഞങ്ങളെ ഇങ്ങനെ ഒളിപ്പിച്ച് വച്ചാൽ രാജ്യത്തിന്‍റെ പേരുയരുമോ?'', എന്ന് ഇവിടത്തെ കോളനിവാസികൾ ചോദിക്കുന്നു.

മതിലുയർന്നതിന്‍റെ ദൃശ്യങ്ങളെടുക്കാനെത്തിയ ഏഷ്യാനെറ്റ് ന്യൂസിന്‍റേതടക്കമുള്ള മാധ്യമപ്രവർത്തകരോട് കോളനിവാസികളാരും രോഷം മറച്ചുവയ്ക്കുന്നില്ല. പക്ഷേ അന്നന്നേക്കുള്ള ഭക്ഷണത്തിനുള്ള വകയ്ക്ക് തന്നെ ബുദ്ധിമുട്ടുന്ന ഇവർ സമരത്തിനിറങ്ങാനില്ല. അതിന് നിവൃത്തിയില്ല.

''എന്തിനാ ഇപ്പോൾ ഇവർ വന്നത്? ഞങ്ങൾക്ക് ഭക്ഷണമില്ലെന്ന് പറഞ്ഞപ്പോൾ ഇവർ വന്നിട്ടില്ലല്ലോ. ഞങ്ങൾക്ക് വെള്ളമില്ല എന്ന് പറഞ്ഞപ്പോൾ ഇവർ വന്നിട്ടില്ലല്ലോ. പക്ഷേ, വേറെ ആരോ വരുമ്പോൾ, ഇനി ഞങ്ങളെ കാണാതിരിക്കാൻ മതിലു കെട്ടാൻ ഇവർ വരുമല്ലേ? രാത്രി മുഴുവൻ മതിലു കെട്ടുകയാണ്. രാവും പകലും മതിലു കെട്ടുകയാണ്'', ചേരിനിവാസികളിലൊരാളായ ഒരു മുതിർന്ന സ്ത്രീ പറയുന്നു. 

അപ്പോഴും ആരാണ് വരുന്നതെന്ന് ഇവിടെ പലർക്കും ഒരു പിടിയുമില്ല. അമേരിക്കൻ പ്രസിഡന്‍റാണെന്നോ, അദ്ദേഹത്തിന്‍റെ പേര് ട്രംപാണെന്നോ അറിയാത്തവരാണ് മിക്കവരും.

മുമ്പ് ഈ വഴി വലിയ വിവിഐപികൾ കടന്ന് പോകുമ്പോൾ പച്ച കർട്ടനിട്ട് മറയ്ക്കുകയാണ് പതിവെന്നും എന്നാൽ ഇത്തവണ സ്ഥിരമായി ഒരു മതിൽ പണിത് മറയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്‍റ ഈ വാദം പൂർണമായും തള്ളുന്നു. നേരത്തേയും അവിടെയൊരു മതിലുണ്ടായിരുന്നു എന്നാണ് നെഹ്‍റ പറയുന്നത്. അവിടെ ഒരു നിര മരങ്ങളുമുണ്ടായിരുന്നു. ''ഈ മതിൽ ഒന്ന് പുതുക്കിപ്പണിയുന്നു എന്നേയുള്ളൂ. നാല് അടി ഉയരത്തിലുള്ള ചെറിയ മതി. അതിന്‍റെ മുന്നിൽ നിന്ന് നോക്കിയാലും ചേരി കാണാം'', എന്ന് നെഹ്റ. 

എന്നാൽ സ്ഥലത്ത് നേരിട്ടെത്തി റിപ്പോർട്ട് ചെയ്യാനെത്തുമ്പോൾ, ചെറിയൊരു മതിലല്ല അവിടെ ഉയരുന്നതെന്ന് വ്യക്തമാവും, അഹമ്മദാബാദിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി ശ്രീനാഥ് ചന്ദ്രൻ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട്:

 

click me!