
ഹാമിര്‍പുര്‍: ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിടത്തിന് മുമ്പില്‍ ഒരു വര്‍ഷത്തോളം ഗ്രാമവാസികള്‍ ആരാധന നടത്തിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം. കെട്ടിടത്തിന്‍റെ രൂപവും കാവി നിറവും കണ്ട് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കെട്ടിടത്തിന് പുറത്ത് ജനങ്ങള്‍ ആരാധന നടത്തിയതെന്ന് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് ശൗചാലയത്തിന് മുന്നിലാണ് തങ്ങള്‍ ആരാധന നടത്തിയതെന്ന് അവര്‍ തിരിച്ചറിഞ്ഞത്.
അടച്ചുപൂട്ടിയിരിക്കുകയായിരുന്നു കെട്ടിടം. കാവി നിറത്തിലായതും കെട്ടിടത്തിന്‍റെ രൂപവും ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ കാരണമായി. ആരോഗ്യ കേന്ദ്രത്തിന് അരികിലായുള്ള കെട്ടിടത്തിനകത്ത് പ്രതിഷ്ഠയുണ്ടെന്ന് ധാരണയിലായിരുന്നു പ്രാര്‍ത്ഥനയും പൂജയും വഴിപാടും നടന്നത്. ഒടുവില്‍ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തെ കുറിച്ച് വ്യക്തമാക്കിയപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവരുന്നത്.
ഒരുവര്‍ഷം മുമ്പാണ് പ്രദേശത്ത് ശൗചാലയം പണിതത്. പണി പൂര്‍ത്തിയായ കെട്ടിടം തുറന്നിരുന്നില്ല. സംഭവം ഇത്തരത്തില്‍ കൈവിട്ടുപോയതോടെ കെട്ടിടത്തിന്റെ നിറംമാറ്റി പിങ്ക് പെയിന്‍റടിച്ചു. എന്നാല്‍ ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഉത്തര്‍പ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ശൗചാലയങ്ങളിലൊന്നായിരുന്നു ഇത്. ഇത്തരത്തില്‍ നിര്‍മിച്ച ശൗചാലയങ്ങള്‍ക്കെല്ലാം കാവി നിറമായിരുന്നു പൂശിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam