നിര്‍ഭയ കേസില്‍ വധശിക്ഷ സ്‍റ്റേ ചെയ്‍ത കോടതിവിധിക്കെതിരായ ഹര്‍ജി നാളെ പരിഗണിക്കും

By Web TeamFirst Published Feb 1, 2020, 7:16 PM IST
Highlights

കുറ്റവാളികൾക്കും തിഹാർ ജയിൽ അധികൃതർക്കും നോട്ടീസ് നൽകി . 

ദില്ലി: നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷ സ്‍റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. കുറ്റവാളികൾക്കും തിഹാർ ജയിൽ അധികൃതർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകി. നിയമം ദുരൂപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ വധശിക്ഷ പട്യാല ഹൗസ് കോടതി സ്‍റ്റേ ചെയ്തത്. 

നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന വിനയ് ശര്‍മ്മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. അതിനിടെ നിര്‍ഭയ കേസിലെ മൂന്നാമത്തെ കുറ്റവാളി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. അക്ഷയ് ഠാക്കൂറാണ് ദയാഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

click me!