വിങ് കമാന്‍ഡര്‍ അഭിനന്ദനെ കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പാക് കോടതിയില്‍ ഹര്‍ജി

Published : Mar 01, 2019, 12:31 PM ISTUpdated : Mar 01, 2019, 06:32 PM IST
വിങ് കമാന്‍ഡര്‍ അഭിനന്ദനെ കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പാക് കോടതിയില്‍ ഹര്‍ജി

Synopsis

വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതയില്‍ ഹര്‍ജി.

ഇസ്ലാമാബാദ്: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. മുപ്പത് മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷം ഇന്നലെയാണ് വിംഗ് കമാന്‍ഡര്‍ അഭിനനന്ദനെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. 

ഇതിന് പിന്നാലെയാണ് ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ട് നല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

അതേസമയം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പാകിസ്ഥാന്‍ ആരംഭിച്ചു. റാവൽപിണ്ടിയിൽ നിന്ന് അഭിനന്ദനെ ലാഹോറിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഗാ അതിർത്തി വഴി വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.    

നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുമെന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാമെന്നായിരുന്നു രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. 

ചൈനീസ് വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാകിസ്ഥാന് മേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാട് കർശനമാക്കുന്നുവെന്ന സൂചനയും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ  സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ടെന്നാതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്