
ദില്ലി: അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയ ആൾ സുപ്രീംകോടതിയിൽ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. പുകവലിക്കുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തിയതിന്‍റെ പേരിൽ അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’എന്ന പുസ്തകത്തിന്‍റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹർജി ഹൈക്കോടതി തള്ളുകയാണ് ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു തീരുമാനം. അരുന്ധതി റോയി പുകവലിക്കുന്ന ചിത്രമടങ്ങിയ കവർ പേജിൽ ‘ പുകവലി ആരോഗ്യത്തിന് ഹാനികര’ മെന്ന മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. അനാവശ്യ കാര്യങ്ങൾക്കുവേണ്ടി പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പുസ്തകത്തിൽ പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും പുറം ചട്ടയിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രസാധകരമായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചിരുന്നു.
എന്നാല്‍ പുസ്തകത്തിന് പിന്നിലെ മുന്നറിയിപ്പ് നിയമപരമായ മുന്നറിയിപ്പല്ല എന്നാണ് ഹർജിക്കാരന്‍റെ വാദം. പുകവലിക്കെതിരായ മുന്നറിയിപ്പ് നൽകേണ്ട രീതിയല്ല ഇത് നല്‍കിയിരിക്കുന്നതെന്നും ഹൈക്കോടതി ഈക്കാര്യം പരിശോധിച്ചില്ല, വ്യക്തമായ രീതിയിൽ മുൻചട്ടയിൽ തന്നെ മുന്നറിയിപ്പ് നൽകണം. ‘മദർ മേരി കംസ് ടു മി’യുടെ വിൽപ്പന തടയണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam