അയോധ്യവിധി: പുന:പരിശോധന ഹർജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

By Web TeamFirst Published Dec 12, 2019, 6:05 AM IST
Highlights

ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധർ എന്നിവരുടെ ഹര്‍ജികൾ ഇതിൽ ഉൾപ്പെടുന്നു.

ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറിൽ ഉച്ചക്ക് ഒന്നര മണിക്ക് ശേഷമാകും ഹര്‍ജി പരിഗണിക്കുക. അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഉണ്ട്. ഇത്തരത്തിലെത്തിയ ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. മുസ്ലീം കക്ഷികൾക്ക് മസ്ജിദ് നിര്‍മ്മിക്കാൻ അഞ്ച് ഏക്കര്‍ ഭൂമി നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളിൽ പറയുന്നു.

click me!