
ദില്ലി: ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ യുക്രൈന്‍ സംഘര്‍ഷമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇന്ധനത്തിന്റെ 80%വും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമമാണ് താന്‍ നടത്തുന്നത്. ഇതിന് രാജ്യത്തിന് ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ, ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്‌ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വർധനയാണ് ഈ വർദ്ധനവ്. മാർച്ച് 22 മുതൽ മൂന്ന് തവണയുള്ള വർദ്ധനയോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 2.40 രൂപയാണ് വർദ്ധിച്ചത്.
തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേന കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam