ദലൈലാമയുടെ ഉപദേശകരുടെ ഫോണുകളും ചോർന്നു; പെഗാസസ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ

By Web TeamFirst Published Jul 22, 2021, 6:33 PM IST
Highlights

അമേരിക്കന്‍ മുന്‍ പ്രസിഡന്‍ര് ബരാക്ക് ഒബാമയുമായി ദലൈലാമ 2017ല്‍  കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുന്‍പും ശേഷവുമായിരുന്നു ഫോണുകള്‍ ചോര്‍ന്നത്.  ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചുവരുന്നതിനിടെയാണ് ഫോണുകള്‍ ചോര്‍ന്നിരിക്കുന്നത്. 

ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകരുടെയും, സഹായികളുടെയും ഫോണുകൾ ചാര സോഫ്റ്റ്വെയറായ പെഗാസസിലൂടെ ചോര്‍ത്തിയതായി ദ ഗാര്‍ഡിയന്‍ പത്രം. 2017 മുതല്‍ ഫോണുകള്‍ ചോര്‍ന്നിരുന്നുെവന്നാണ് കണ്ടെത്തല്‍.  

ടെംപ സെറിംഗ് അടക്കമുള്ള മുതിര്‍ന്ന ഉപദേശകര്‍, സഹായികളും വിശ്വസ്തരുമായ ടെന്‍സിംഗ് ടക്ല്ഹ, ചിമി റിഗ് സണ്‍  എന്നിവരടക്കം ദലൈലാമയുടെ വലയത്തിലുള്ള ഒരു കൂട്ടം ആളുകളുടെ ഫോണുകള്‍ ചോര്‍ന്നുവെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധര്‍മ്മശാലയിലെ ടിബറ്റന്‍ പ്രവാസ സര്‍ക്കാരിന്‍റെ തലവന്‍ ലോബ് സാങ് സാങ്ഗേയുടെ ഫോണും ചോര്‍ത്തി. 2017മുതല്‍ രണ്ട് വര്‍ഷക്കാലം ഈ ഫോണുകള്‍ പെഗാസെസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

അമേരിക്കന്‍ മുന്‍ പ്രസിഡന്‍ര് ബരാക്ക് ഒബാമയുമായി ദലൈലാമ 2017ല്‍  കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുന്‍പും ശേഷവുമായിരുന്നു ഫോണുകള്‍ ചോര്‍ന്നത്.  ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചുവരുന്നതിനിടെയാണ് ഫോണുകള്‍ ചോര്‍ന്നിരിക്കുന്നത്. പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിംഗ് പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്ത ഉച്ചകോടി 2018ല്‍ നടക്കുകയും ചെയ്തു. ഒബാമ ദലൈലാമ കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയായോയെന്ന് പരിശോധിക്കാനായിരിക്കാം ഫോണുകള്‍ ചോര്‍ത്തിയതെന്ന സംശയമാണ് ദ ഗാര്‍ഡിയന്‍ പ്രകടിപ്പിക്കുന്നത്.

ഇതിനിടെ, ഫോണ്‍ ചോര്‍ത്തലില്‍ അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് തങ്ങളുടെ  വിശദീകരണമായി പുറത്തുവന്ന പ്രസ്താവന ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍  തള്ളി. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്ത് വന്ന വിവരങ്ങളെ പൂര്‍ണ്ണമായി പിന്തുണക്കുന്നുവെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി . മാധ്യമങ്ങള്‍ പുറത്ത് വിട്ട പട്ടികയിലെ എല്ലാ ഫോണ്‍ നമ്പറുകളും ചോര്‍ന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും  പെഗാസസ്  വാങ്ങിയവര്‍ക്ക് താല്‍പര്യമുള്ളവരുടെ നമ്പറുകള്‍ ചോര്‍ന്നിരിക്കാമെന്നാണ് പറഞ്ഞതെന്നും ചില അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്  സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരമം തെറ്റാണെന്നും ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ വിശദീകരിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!