
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ ചില ലോക്സഭാ എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ മുതിർന്ന നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് റിപ്പോർട്ട്. പാർലമെന്ററി സമിതി യോഗത്തിനായി ഉദ്ധവ് പക്ഷത്തെ എംപിമാർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ചില ജനപ്രതിനിധികൾ പരിധിക്ക് പുറത്താണ് എന്ന വാർത്ത പുറത്തുവരുന്നത്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ നേരിട്ട് ശ്രമങ്ങൾ നടത്തുന്നതായും സൂചനയുണ്ട്.
ഉദ്ധവ് പക്ഷത്തെ ആറ് എംപിമാർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ആശയവിനിമയം നടത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജയ് ദിനാ പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ആ എംപിമാർ. ഇതിന് പുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ദില്ലിയിൽ എത്തുന്ന ഈ എംപിമാർ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കും.
ലോക്സഭയിൽ പുതിയൊരു ഔദ്യോഗിക വിഭാഗം രൂപീകരിച്ച ശേഷം, ഷിൻഡെ പക്ഷത്തെ ശിവസേനയിൽ ലയിക്കാനാണ് വിമത എംപിമാരുടെ നീക്കമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിൽ അടുത്തിടെ നടന്നതിന് സമാനമായ ഒരു രാഷ്ട്രീയ അട്ടിമറിയാണ് മഹാരാഷ്ട്രയിലും അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം ഉദ്ധവ് താക്കറെയുടെ വിശ്വസ്തരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ എംപിമാർ ഇന്ന് ഡൽഹിയിലെത്തും. രാജ്യസഭാ എംപി സഞ്ജയ് റാവത്ത് ഇതിനകം തന്നെ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം വിമതരായി എത്തുന്ന ജനപ്രതിനിധികളെ സ്വാഗതം ചെയ്യാൻ ഭരണപക്ഷത്തെ ശിവസേന പൂർണ്ണ സജ്ജമാണെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. ജനപ്രതിനിധികൾക്ക് സ്വന്തം നേതൃത്വത്തിൽ വിശ്വാസമില്ലെങ്കിൽ, ബാൽ താക്കറെയുടെ ആദർശങ്ങളിലും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലും വിശ്വസമുണ്ടെങ്കിൽ അവർക്കായി ശിവസേനയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉദ്ധവ് പക്ഷത്തെ എംപി സഞ്ജയ് ദേശ്മുഖ്, കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കൂറുമാറ്റ ചർച്ചകൾക്ക് വേഗത കൂടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉദ്ധവ് താക്കറെ മുംബൈയിലെ തന്റെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ എംപിമാരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ നാല് പേർ മാത്രമാണ് യോഗത്തിൽ നേരിട്ടെത്തിയത്. ബാക്കിയുള്ള അഞ്ച് പേർ ഓൺലൈനായും ഫോൺ വഴിയുമാണ് പങ്കെടുത്തത്. സഞ്ജയ് ദേശ്മുഖ് അടക്കമുള്ള നേതാക്കൾ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരിട്ടുള്ള യോഗത്തിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ പാർട്ടിയിൽ യാതൊരുവിധ പിളർപ്പുമില്ലെന്നും എംപിമാരെല്ലാം ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്നും സഞ്ജയ് റാവത്തും അനിൽ ദേശായിയും അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam