കുഴല്‍ക്കിണറില്‍ വീണ് കുട്ടികള്‍ മരിക്കുന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ; സുപ്രീംകോടതിയില്‍ ഹര്‍ജി

By Web TeamFirst Published Oct 29, 2019, 4:50 PM IST
Highlights

കുഴല്‍ക്കിണറില്‍ കുഞ്ഞുങ്ങള്‍ വീണ് അപകടമുണ്ടാകുന്നത് അധികൃതരുടെ അലംഭാവം കൊണ്ടാണ്. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ദില്ലി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനായ ജി എസ് മണിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുഴല്‍ക്കിണറില്‍ കുഞ്ഞുങ്ങള്‍ വീണ് അപകടമുണ്ടാകുന്നത് അധികൃതരുടെ അലംഭാവം കൊണ്ടാണ്. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കുഴല്‍ക്കിണര്‍ നിര്‍മാണം സംബന്ധിച്ച് 2010ല്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല അതുകൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. തിരുച്ചിറപ്പള്ളിയില്‍ രണ്ടുവസുകാരന്‍ സുജിത്തിന്‍റെ മരണത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും എന്തുകൊണ്ടാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ ആവശ്യത്തിന് സമയം ലഭിച്ചിട്ടും പുറത്തെടുക്കാനാവാഞ്ഞതെന്ന് കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കി സുജിത് വില്‍സണ്‍ എന്ന രണ്ട് വസയുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെടുന്നത്. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചുവെന്ന സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ  പ്രതികരണം ലഭിച്ചിരുന്നു. 

click me!