Latest Videos

മൂന്ന് മാസമായി ശമ്പളമില്ല; ജെറ്റ് എയർവേസിലെ പൈലറ്റുമാർ സമരത്തിലേക്ക്

By Web TeamFirst Published Apr 14, 2019, 6:01 PM IST
Highlights

ജെറ്റ് എയർവേസിലെ പൈലറ്റുമാരുടെ ശമ്പളപ്രശ്നത്തിൽ ഇടപെടാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി രണ്ട് ദിവസത്തിന് ശേഷമാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ദില്ലി: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജെറ്റ് എയർവേസിലെ 1000ത്തോളം പൈലറ്റുമാർ ഇന്ന് അർദ്ധരാത്രി മുതൽ സമരം തുടങ്ങുമെന്ന് പൈലറ്റുമാരുടെ ദേശീയ കൂട്ടായ്മയായ നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ്.

ജെറ്റ് എയർവേസിലെ ആയിരത്തോളം വരുന്ന വൈമാനികർ ഇന്ന് അ‍ർദ്ധ രാത്രിയോടെ ജോലി നിർത്തി പ്രതിഷേധം തുടങ്ങും. നാളെ നടക്കുന്ന ചർച്ച്യ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് തലവൻ കരൺ ചോപ്ര പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ജെറ്റ് എയർവേസിലെ പൈലറ്റുമാർക്കും എൻജിനീയർമാർക്കും ശമ്പളം ലഭിച്ചിട്ടില്ല. ഇനിയും ഇത് തുടരാനാകില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ഒരു വലിയ വിഷയമാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജെറ്റ് എയർവേസിലെ 20000ത്തിലധികം തൊഴിലാളികൾ തൊഴിൽ രഹിതരാകാൻ പോകുകയാണെന്നും കരൺ ചോപ്ര പറഞ്ഞു.

ജെറ്റ് എയർവേസിലെ പൈലറ്റുമാരുടെ ശമ്പളപ്രശ്നത്തിൽ ഇടപെടാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി രണ്ട് ദിവസത്തിന് ശേഷമാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 1.2 ബില്ല്യൺ ഡോളറിന്‍റെ കടക്കെണിയിൽ ഉഴറുന്ന ജെറ്റ് എയർവേസ് കഴിഞ്ഞ ആഴ്ച നിരവധി അന്താരാഷ്ട്ര സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

click me!