
ലഖ്നൌ: ഉഗ്രവിഷമുള്ള രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുൾ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പിൽ രാജവെമ്പാല എത്തിയത്. കുട്ടികൾ പേടിച്ച് കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ് ബുൾ പാഞ്ഞെത്തിയത്. ഉത്തർപ്രദേശിലെ ഝാൻസിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം.
കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു. പാമ്പുമായി അഞ്ച് മിനിറ്റോളം അത് പോരാട്ടം തുടർന്നു. ഒടുവിൽ പിടഞ്ഞു പിടഞ്ഞ് പാമ്പിന്‍റെ ജീവൻ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷമേ കടി വിട്ടുള്ളൂ. ഇതിന് മുൻപും ജെന്നി പാമ്പിനെ കൊന്ന് ജീവൻ രക്ഷിച്ചിട്ടുണ്ടെന്ന് ഉടമ പഞ്ചാബ് സിംഗ് പറഞ്ഞു. ഇതുവരെ പത്തോളം പാമ്പുകളെ ജെന്നി കൊന്നിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്.
സംഭവം നടക്കുമ്പോൾ പഞ്ചാബ് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ മകനും കൊച്ചുമക്കളും ഉണ്ടായിരുന്നു. പാമ്പ് വീട്ടിൽ കയറിയിരുന്നെങ്കിൽ എന്തും സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വീട് വയലിന് അരികെ ആയതിനാൽ മുൻപും മഴക്കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ പിറ്റ് ബുൾ പാമ്പിനെ കൊന്നിട്ടുണ്ടെന്നാണ് പഞ്ചാബ് സിംഗ് പറയുന്നത്.
കുട്ടികളുടെ ജീവൻ രക്ഷിച്ച പിറ്റ് ബുളിനോട് ഏറെ നന്ദിയുണ്ടെന്ന് സിംഗ് പറഞ്ഞു. ഇന്നത്തെ ലോകത്ത് ആളുകൾ മൃഗങ്ങളിൽ നിന്ന് അകന്നു പോകുമ്പോൾ, ഈ മൃഗങ്ങൾ മനുഷ്യർ ചെയ്യേണ്ട ജോലികൾ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ മൃഗങ്ങളോട് കൂടുതൽ സ്‌നേഹം കാണിക്കണം. ആളുകൾ പലപ്പോഴും പിറ്റ് ബുളുകളെ കുറിച്ച് മോശം അഭിപ്രായം പറയാറുണ്ട്, എന്നാൽ തന്‍റെ ജെന്നി മനുഷ്യരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam