
ചെന്നൈ: പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ കോർപറേഷൻ. ഇനി മുതൽ ഈ ഇനങ്ങളുടെ പുതിയ പെറ്റ് ലൈസൻസിനുള്ള അപേക്ഷകൾ അംഗീകരിക്കില്ലെന്നും വാർഷിക ലൈസൻസ് പുതുക്കലും നിർത്തലാക്കുമെന്നും കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. സമീപകാലത്ത് ഈ ഇനം നായ്ക്കൾ കടിച്ച് പൊതുജനങ്ങൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതാണ് ഈ നടപടിക്ക് കാരണമായത്. ആക്രമണകാരികൾ ആയ ഈ രണ്ട് ഇനം നായ്ക്കൾക്കും ഇനി ലൈസൻസ് നൽകില്ലെന്നും ചെന്നൈ കോർപ്പറേഷൻ വ്യക്തമാക്കി. പുതുതായി ഈ നായ്ക്കളെ വാങ്ങാനോ വിൽക്കാനോ കഴിയില്ലെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
നിലവിൽ ലൈസൻസുള്ള ഈ ഇനം നായ്ക്കളെ പിടിച്ചെടുക്കില്ലെങ്കിലും, അവയെ പുറത്തിറക്കുമ്പോൾ കർശന നിർദ്ദേശങ്ങൾ പാലിച്ചിരിക്കണം. പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായ്ക്കളെ പുറത്ത് കൊണ്ടുപോകണമെങ്കിൽ വായ മൂടിക്കെട്ടണമെന്നും കട്ടിയുള്ള തുടലുണ്ടായിരിക്കണമെന്നും ചെന്നൈ കോർപറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ പിഴ ചുമത്തലടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ പുതിയതായി ഈ ഇനം നായ്ക്കളെ വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഏർപ്പെടുത്തുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഈ തീരുമാനം ചെന്നൈ നഗരപരിധിയിൽ പൊതുസുരക്ഷ ഉറപ്പാക്കാനും ആക്രമണസ്വഭാവമുള്ള ഇനങ്ങളുടെ വ്യാപനം തടയാനും സഹായിക്കുമെന്നാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam