ഐൻസ്റ്റൈൻ പ്രസ്താവനയിൽ വിശദീകരണവുമായി പിയൂഷ് ഗോയൽ

By Web TeamFirst Published Sep 12, 2019, 7:34 PM IST
Highlights

കണക്കുകളിലെ ഏറ്റകുറച്ചിലുകളൊന്നും വലിയ കാര്യമല്ല. കണക്കിലെ വഴികളല്ല ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചതെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ വിവാദമായ പ്രസ്താവന.

ദില്ലി: ട്രോളുകളും പരിഹാസവും വ്യാപകമായതോടെ ഗുരുത്വാകർഷണ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ഒരു പ്രത്യേക സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നും ചിലർ അത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുമെന്നുമാണ് പിയൂഷ് ഗോയലിന്‍റെ വിശദീകരണം. ഒരു വരി മാത്രം അടർത്തിയെടുത്ത് ഇത്തരം പ്രചരണം അഴിച്ചുവിടുന്നത് ദുരുദ്ദേശപരമാണെന്നാണ് മന്ത്രിയുടെ പറയുന്നത്. 

കണക്കുകളിലെ ഏറ്റകുറച്ചിലുകളൊന്നും വലിയ കാര്യമല്ല. കണക്കിലെ വഴികളല്ല ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചതെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ വിവാദമായ പ്രസ്താവന. ജിഡിപിയെ സംബന്ധിച്ച കണക്കുകള്‍ക്ക് പിന്നാലെ ജനം പോകരുതെന്ന് ഉപദേശിക്കുകയായിരുന്നു വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. 

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു പീയുഷ് ഗോയലിന്‍റെ പ്രസ്താവന. ടെലിവിഷനിൽ കാണുന്ന 'അഞ്ച് ട്രില്യൺ ഡോളര്‍ സാമ്പദ്‍വ്യവസ്ഥ','ജിഡിപി വളർച്ച അഞ്ച് ശതമാനം' എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങള്‍ പോകരുതെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ ഉപദേശം.

സ്വന്തമായി വാഹനം വാങ്ങുന്നതിന് പകരം യുവതലമുറ ഓണ്‍ലൈൻ ടാക്സികൾ ഉപയോഗിക്കുന്നതാണ് കാറുകളുടെ വില്പന കുറ‍യുവാൻ കാരണമെന്ന ധനമന്ത്രി നിർമ്മല സീതാരമന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര മന്ത്രി കൂടി സമാനമായ തരത്തിൽ പരിഹാസത്തിനിരയായത്. 

click me!