വാക്‌സിന്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, 2021 ജൂലൈയോടുകൂടി 25 കോടി പേര്‍ക്ക് നല്‍കും: മന്ത്രി

By Web TeamFirst Published Oct 4, 2020, 4:39 PM IST
Highlights

നിരവധി കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്ന് വാക്‌സിന്‍ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കുന്നത്. കൊവിഷീല്‍ഡിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം പൂര്‍ത്തിയാക്കി.
 

ദില്ലി: രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് 2021 ജൂലൈയോടുകൂടി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. 400 മുതല്‍ 500 ദശലക്ഷം ഡോസ് വരെ സര്‍ക്കാര്‍ ലഭ്യമാക്കും. വാക്‌സിന്‍ ലഭ്യമാക്കേണ്ട മുന്‍ഗണനക്കാരെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ഓക്ടോബറോടെ ആദ്യം വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറായിരിക്കും വാക്‌സിന്‍ സംഭരിക്കുകയും വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചകളില്‍ മന്ത്രി നടത്തുന്ന സണ്‍ഡേ സംവദ് പരിപാടിയിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരവധി കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്ന് വാക്‌സിന്‍ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കുന്നത്. കൊവിഷീല്‍ഡിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം പൂര്‍ത്തിയാക്കി. വിജയകരമാകുകയാണെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്‌സിന്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാകുമെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു.

വാക്‌സിന്‍ വിതരണത്തിനായി 80,000 കോടി രൂപ വേണ്ടിവരുമെന്നും രാജ്യത്തെ എല്ലാവരിലേക്കും വാക്സിനെത്താന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിന്‍ ലഭ്യമായാല്‍ ഒരു ഡോസിന് ഏകദേശം 1000 രൂപ വരെ വിലവരും. അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതല്‍. 
 

click me!