ബീഹാർ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റുകൾ ജെഡിയുവിന് നൽകി ബിജെപി, എൽജെപിയുമായി ച‍ർച്ച തുടരുന്നു

By Web TeamFirst Published Oct 4, 2020, 1:32 PM IST
Highlights

മഹാസഖ്യത്തിലെ സീറ്റു ധാരണ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും എൻഡിഎ ക്യാംപിലെ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. ബിജെപിക്കും ജെഡിയുവിനും ഇടയിലെ ചർച്ചകൾ പൂർത്തിയായെന്നാണ് സൂചന.

പാറ്റ്ന: ബീഹാറിൽ എൻഡിഎയിൽ കൂടുതൽ സീറ്റുകൾ ജനതാദൾ യുണൈറ്റഡിന് നീക്കിവച്ച് ഏകദേശ ധാരണ. 122 സീറ്റുകളിൽ ജെഡിയുവും 121 സീറ്റുകളിൽ ബിജെപിയും മത്സരിക്കാനാണ് ധാരണ. ബിജെപി ക്വാട്ടയിൽ നിന്ന് സീറ്റു നൽകി ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. 

മഹാസഖ്യത്തിലെ സീറ്റു ധാരണ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും എൻഡിഎ ക്യാംപിലെ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. ബിജെപിക്കും ജെഡിയുവിനും ഇടയിലെ ചർച്ചകൾ പൂർത്തിയായെന്നാണ് സൂചന. 243ൽ 122 സീറ്റ് നല്കിയ ജെഡിയുവിനെ സഖ്യത്തിലെ വലിയ പാർട്ടിയായി ബിജെപി അംഗീകരിച്ചു. 121 സീറ്റ് ബിജെപിക്ക് കിട്ടി. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡിയു ക്വാട്ടയിൽ നിന്ന് സീറ്റു നല്കും. എന്നാൽ രാംവിലാസ് പസ്വാൻറെ ലോക്ജനശക്തി പാർട്ടിയുടെ തീരുമാനം ഇതുവരെ വ്യക്തമല്ല. 

ബിജെപിയുടെ ക്വാട്ടയിൽ നിന്ന് ഇരുപത് സീറ്റുവരെ നല്കി എൽജെപിയെ കൂടെ നിറുത്താനാണ് നീക്കം. ദില്ലിയിൽ ചികിത്സയിലുള്ള രാംവിലാസ് പസ്വാന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. ഈ സാഹചര്യത്തിൽ എൽജെപിയുടെ അന്തിമതീരുമാനം മാറ്റി വച്ചു. ചിരാഗ് പസ്വാനുമായി അമിത് ഷാ രണ്ടു തവണ ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും തർക്കം തീർക്കാൻ ഇടപെട്ടെന്നാണ് സൂചന. പസ്വാൻ എൻഡിഎ വിടുന്നത് ദളിത് വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാക്കും. 

ഹാഥ്റസിനു ശേഷമുള്ള സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നാണ് ബിജെപി കരുതുന്നത്. ഇതിനിടെ അർജുന അവാർഡ് ജേതാവായ ഷൂട്ടിംഗ് താരം ശ്രേയ സിംഗ് ബിജെപിയിൽ ചേർന്നു. ബീഹാറിലെ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന ദ്വിഗ് വിജയ് സിംഗിൻറെ മകളാണ് കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിലെ മെഡൽ ജേതാവായ ശ്രേയ സിംഗ്.

click me!