കൊവിഡിനെ നേരിട്ട ധാരാവി ലോകത്തിന്റെ ഹൃദയം കവരാനൊരുങ്ങുന്നു; പ്ലാസ്മ ദാന പദ്ധതി ജൂലൈ 27 മുതൽ

By Web TeamFirst Published Jul 26, 2020, 1:31 PM IST
Highlights

കൊവിഡ് രോ​ഗമുക്തി നേടിയ 500 ലധികം ആളുകൾ പ്ലാസ്മ ദാനം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 50 പേരിൽ പ്രാഥമിക പരിശോധന നടത്തിയതായും ഷെവാലെ പറഞ്ഞു. 


ദില്ലി: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി ആരംഭിക്കും.  മുംബൈയിലെ ധാരാവിയിൽ  കൊവിഡ് രോ​ഗമുക്തി നേടിയ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്ലാസ്മ ദാൻ സങ്കൽപ് അഭിയാനിന്റെ ചുവടുപിടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൊറോണ വൈറസ് വ്യാപനം ചെറുത്തതിന്റെ ഏറ്റവും മികച്ച മാതൃകയായി നിലകൊള്ളുകയാണ് മുംബൈയിലെ ധാരാവി. പ്രദേശത്തെ കാമരാജ് മെമ്മോറിയൽ സ്കൂളിൽ‌ നടത്താനിരിക്കുന്ന പ്ലാസ്മ ദാന ക്യാംപിനായി പ്രാഥമിക പരിശോധന ആരംഭിച്ചതായി എംപി രാഹുൽ ഷെവാലെ അറിയിച്ചു. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ ജന്മദിനമായ ജൂലൈ 27നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡ് രോ​ഗമുക്തി നേടിയ 500 ലധികം ആളുകൾ പ്ലാസ്മ ദാനം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 50 പേരിൽ പ്രാഥമിക പരിശോധന നടത്തിയതായും ഷെവാലെ പറഞ്ഞു. കൊവിഡിനെ ജയിച്ച ധാരാവിയിലെ ജനങ്ങൾ ലോകത്തിന്റെ ഹൃദയം കവരാൻ ഒരുങ്ങുകയാണെന്ന് ഷെവാലെ കൂട്ടിച്ചേർത്തു. 

ബൃഹൻമുംബൈ മുനിസിപ്പൽ കോർപറഷന്റെ കണക്ക് അനുസരിച്ച് ഈ പ്രദേശത്തെ മൊത്തെ കൊറോണ വൈറസ് രോ​ഗികളുടെ എണ്ണം 2519 ആണ്. 2141 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയിരിക്കുന്നത്. 128 സജീവ കേസുകളുണ്ട്. രോ​ഗികളെ കണ്ടെത്തി പരിശോധിച്ച് ചികിത്സിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായി ലോകാരോ​ഗ്യ സംഘടനയുടെ പ്രശംസ പിടിച്ചു പറ്റിയ പ്രദേശമാണ് ധാരാവി. 
 

click me!