പ്രാധാനമന്ത്രി പോക്കറ്റടിക്കാരെപ്പോലെ ശ്രദ്ധ തിരിക്കുന്നു; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Oct 15, 2019, 10:49 PM IST
Highlights

ജനങ്ങളുടെ പണം വ്യവസായികള്‍ക്ക് കൈമാറുമ്പോള്‍ ശ്രദ്ധതിരിക്കാനായി അദ്ദേഹം പോക്കറ്റടിക്കാരുടെ തന്ത്രം പയറ്റുന്നു. സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒന്നും പറയാതിരിക്കുകയും ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിതയിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നു. 

യവത്‍മല്‍(വിദര്‍ഭ): മോഷണം പിടിക്കപ്പെടാതിരിക്കാന്‍ പോക്കറ്റടിക്കാര്‍ ശ്രദ്ധ തിരിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ചില വ്യവസായികളുടെ ലൗഡ് സ്പീക്കറായി മാറുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. വിദര്‍ഭയിലെ യവത‍്മയില്‍ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍  സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കറായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെ പണം വ്യവസായികള്‍ക്ക് കൈമാറുമ്പോള്‍ ശ്രദ്ധതിരിക്കാനായി അദ്ദേഹം പോക്കറ്റടിക്കാരുടെ തന്ത്രം പയറ്റുന്നു. സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒന്നും പറയാതിരിക്കുകയും ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിതയിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം തകര്‍ത്തിരിക്കുകയാണ്. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 35000 കോടി രൂപ മാത്രം വകയിരുത്തിയപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് നികുതി കുറച്ചതിലൂടെ 1.25 ലക്ഷം കോടിയാണ് നല്‍കിയത്. ധനികരെ പിന്തുണക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. സാധാരണക്കാരന് പണം ലഭിക്കുമ്പോള്‍ വിപണിയില്‍ പണം ഇറങ്ങും. ഇതാണ് ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. രാജ്നാഥ് സിംഗ് ഫ്രാന്‍സില്‍ പോയി പൂജ നടത്തി. എന്നാല്‍ 35000 കോടിയാണ് റാഫേല്‍ കരാറിന്‍റെ പേരില്‍ അഴിമതി നടത്തിയത്. വ്യവസായികളുടെ നിയന്ത്രണത്തിലായതിനാല്‍ മാധ്യമങ്ങള്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 

click me!