
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിൻ നിർമ്മാണ പുരോഗതിയും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ തയ്യാറായാൽ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇതിനിടെ റഷ്യയുടെ സ്പുട് നിക് വാക്സിന് ഇന്ത്യയിലെ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി നൽകി. കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു
കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് അംഗങ്ങൾ, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധ വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനുമുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
വാക്സിൻ ലഭ്യമായാൽ അത് വേഗത്തിൽ ജനങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ആഗോള സമൂഹത്തെ കൂടി കണക്കിലെടുത്ത് വേണം വാക്സിൻ നിർമ്മാണം. അയൽരാജ്യങ്ങളെ മാത്രമല്ല മറ്റ് രാഷ്ട്രങ്ങളെയും സഹായിക്കാൻ സജ്ജരായിരിക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഉത്സവക്കാലം കണക്കിലെടുത്ത് രോഗവ്യാപനം തടയാൻ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു.
ഇതിനിടെ റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിനാണ് ഡിസി ജി ഐ അനുമതി നൽകിയത്. മനുഷ്യരിലെ പരീക്ഷണത്തിന്റെ 2, 3 ഘട്ടങ്ങൾ ഇന്ത്യയിൽ നടത്താനാണ് അനുമതി. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്.
നേരത്തെ വാക്സിന്റെ പരീക്ഷണത്തിന്റെ സന്പൂർണ്ണ സുരക്ഷ റിപ്പോർട്ട് ഡിസിജെഐ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡിസംബറോടെ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 2021 മാര്‍ച്ചോടു കൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam