പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: യോഗ്യത, ആനുകൂല്യങ്ങള്‍, അപേക്ഷാ രീതി, അറിയേണ്ടതെല്ലാം

Published : Mar 11, 2025, 06:38 PM ISTUpdated : Mar 11, 2025, 06:39 PM IST
പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: യോഗ്യത, ആനുകൂല്യങ്ങള്‍, അപേക്ഷാ രീതി, അറിയേണ്ടതെല്ലാം

Synopsis

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന എങ്ങനെ അപേക്ഷിക്കാം, യോഗ്യതകള്‍ എന്തൊക്കെ? 

രാജ്യത്ത് കര്‍ഷകര്‍ക്കായുള്ള ഏറ്റവും വലിയ സര്‍ക്കാര്‍ പദ്ധതികളില്‍ പ്രധാനമാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന (PM-KISAN). നിലവില്‍ രാജ്യത്തെ ഏകദേശം 10 കോടി കര്‍ഷകര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇടനിലക്കാരുടെ ഇടപെടലില്ലാതെ രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരിലേക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എത്തുന്ന തരത്തിലുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമാണ് ഇതിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 24-ന് ഈ പദ്ധതിയുടെ 19-ാം ഗഡു കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ബിഹാറിലെ ഭാഗല്‍പൂരില്‍ നടന്ന ചടങ്ങില്‍ 9.80 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 22,000 കോടി രൂപ കൈമാറി.

ഇതുവരെ 3.68 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തി. നേരത്തെ, 2024 ഒക്ടോബര്‍ 5-ന് 18-ാം ഗഡു പുറത്തിറക്കിയിരുന്നു, അതില്‍ 9.60 കോടി അക്കൗണ്ടുകളിലേക്ക് 20,000 കോടി രൂപ കൈമാറി. ഇതുവരെ, പദ്ധതി പ്രകാരം മൊത്തം 3.68 ലക്ഷം കോടി കൈമാറിയിട്ടുണ്ട്. 

എന്താണ് പിഎം കിസാന്‍ യോജന? 
നമ്മുടെ ഗവണ്‍മെന്റ് ആരംഭിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. ഇത് എല്ലാ ചെറുകിട, നാമമാത്ര കര്‍ഷകരെയും പ്രതിവര്‍ഷം 6,000 രൂപ നല്‍കി സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ പദ്ധതി പ്രകാരം, ഭൂവുടമകളായ എല്ലാ കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം കൈമാറ്റം ചെയ്യും.

പദ്ധതി എപ്പോള്‍ ആരംഭിച്ചു?
പിഎം-കിസാന്‍ സമ്മാന്‍ നിധി യോജന 2019 ഫെബ്രുവരി 24-നാണ് ആരംഭിച്ചത്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളായ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആശയം എവിടെ നിന്ന് വന്നു?

2018-ല്‍ തെലങ്കാന സര്‍ക്കാര്‍ റൈതു ബന്ധു പദ്ധതി ആരംഭിച്ചു. ഈ കര്‍ഷകരുടെ കൃഷിയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ടുതവണ ഒരു നിശ്ചിത തുക വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ഈ സംരംഭം വ്യാപകമായി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. പിന്നീട്, കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന' എന്ന പേരില്‍ സമാനമായ പദ്ധതി ആരംഭിച്ചു.

പ്രധാന സവിശേഷതകള്‍ എന്തൊക്കെ? 

കര്‍ഷകര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുക എന്നതാണ് മുഖ്യ സവിശേഷത. അര്‍ഹരായ ഓരോ കര്‍ഷക കുടുംബത്തിനും പ്രതിവര്‍ഷം 6000 രൂപ (2,000 വീതമുള്ള മൂന്ന് ഗഡുക്കളായി) ലഭിക്കും. കേന്ദ്ര  ഗവണ്‍മെന്റിനാണ് ഫണ്ടിംഗ് ഉത്തരവാദിത്തം. ഗുണഭോക്താക്കളെ തിരിച്ചറിയാനുള്ള ഉത്തരവാദിത്തം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ക്കാണ്. ആര്‍ക്കൊക്കെ ആനുകൂല്യം പദ്ധതി നിര്‍വചനമനുസരിച്ച് ഒരു കര്‍ഷക കുടുംബത്തില്‍ ഭര്‍ത്താവ്, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത മകന്‍ അല്ലെങ്കില്‍ മകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെ? 

  • ഇന്ത്യന്‍ പൗരനായിരിക്കണം. 
  • 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട അല്ലെങ്കില്‍ നാമമാത്ര കര്‍ഷകനായിരിക്കണം. 
  • കൃഷി ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. കൃഷി ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കണം. 
  • കൃഷി ചെയ്യാന്‍ പറ്റാത്ത ഭൂമി ഉപയോഗിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നവര്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല. 
  • വരുമാന സ്രോതസ്സ് പ്രധാനമായും കൃഷിയില്‍ നിന്നായിരിക്കണം. 
  • സര്‍ക്കാര്‍ സര്‍വീസ്, ബിസിനസ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വരുമാനം എന്നിവയാണ് സ്രോതസ്സ് എങ്കില്‍, അര്‍ഹതയുണ്ടായിരിക്കില്ല.
  • 10,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ പെന്‍ഷന്‍ ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
  • ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയില്ല.

ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ആര്‍ക്കൊക്കെ? 
വമ്പന്‍ ഭൂവുടമകളായ കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കൂടാതെ, ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളവര്‍, അല്ലെങ്കില്‍ വഹിക്കുന്നവര്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ അല്ലെങ്കില്‍ ഓഫീസുകളില്‍ ജോലി ചെയ്തിട്ടുള്ള അല്ലെങ്കില്‍ ചെയ്യുന്ന ജീവനക്കാര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ഇപ്പോഴത്തെയും മുന്‍ മന്ത്രിമാരും, ലോക്സഭയിലെയും രാജ്യസഭയിലെയും ഇപ്പോഴത്തെയും മുന്‍ അംഗങ്ങളും, കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ (PSU) ജോലി ചെയ്തിട്ടുള്ള അല്ലെങ്കില്‍ ചെയ്യുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും, സംസ്ഥാന നിയമസഭകളിലെയും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലെയും ഇപ്പോഴത്തെയും മുന്‍ അംഗങ്ങളും, ജില്ലാ പഞ്ചായത്തുകളുടെ ഇപ്പോഴത്തെയും മുന്‍ ചെയര്‍പേഴ്‌സണ്‍മാരും, ഏതെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ഇപ്പോഴത്തെയും മുന്‍ മേയര്‍മാര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

അടുത്തുള്ള റവന്യൂ ഉദ്യോഗസ്ഥരെയോ നോഡല്‍ ഓഫീസറെയോ  സമീപിക്കക.  കോമണ്‍ സര്‍വീസ് സെന്റര്‍ (CSC) വഴി ഫീസ് അടച്ച്  രജിസ്റ്റര്‍ ചെയ്യുക. 

വെബ്‌സൈറ്റ് https://pmkisan.gov.in/  വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി, PMKSNY-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി 'Farmers Corner' എന്ന ഭാഗത്തേക്ക് പോകുക. 'New Farmer Registration' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സംസ്ഥാനം എന്നിവ തിരഞ്ഞെടുക്കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന OTP നല്‍കി സ്ഥിരീകരിക്കുക.
അതിനുശേഷം, പേര്, ജനനത്തീയതി, ലിംഗം, വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ഭൂമിയുടെ വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക. അതിനുശേഷം അപേക്ഷ സമര്‍പ്പിക്കുക. തുടര്‍ ഉപയോഗത്തിനായി രസീത് സൂക്ഷിക്കുക.

ആവശ്യമായ രേഖകള്‍ ഏതൊക്കെ? 
ഖസ്രയുടെ പകര്‍പ്പ്: അപേക്ഷകന് ഭൂമിയില്‍ നിയമപരമായ അവകാശമുണ്ടെന്ന് തെളിയിക്കുന്ന ഖസ്രയുടെ പകര്‍പ്പ് ഉണ്ടായിരിക്കണം.

വരുമാന സര്‍ട്ടിഫിക്കറ്റ്: അപേക്ഷിക്കുന്ന സമയത്ത് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ആധാര്‍ കാര്‍ഡ്: സാധുവായ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം, ഇത് ഈ പദ്ധതിക്ക് രജിസ്റ്റര്‍ ചെയ്യാനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും വളരെ പ്രധാനമാണ്.

ബാങ്ക് അക്കൗണ്ട്: കര്‍ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

നിങ്ങളുടെ ഗഡുവിന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക. വലതുവശത്തായി Farmers Corner എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത ശേഷം Beneficiary Status എന്ന ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.  ഇതിനുശേഷം ഒരു പുതിയ പേജ് തുറക്കും, അവിടെ നിങ്ങള്‍ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവ തിരഞ്ഞെടുത്ത ശേഷം Get Data-യില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്ത ശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ പണം വന്നോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. FTO ജനറേറ്റ് ചെയ്തു എന്നും Payment confirmation is pending എന്നും എഴുതി കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ പണം process-ല്‍ ആണെന്ന് മനസ്സിലാക്കാം.

ഗഡുക്കളായുള്ള പണം വന്നില്ലെങ്കില്‍ എന്ത് ചെയ്യണം?

ഗഡുക്കളായുള്ള പണം വന്നില്ലെങ്കില്‍, അക്കൗണ്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കാം. ഔദ്യോഗിക വെബ്‌സൈറ്റിലെ Farmer Corner-ല്‍ Help Desk എന്ന ഓപ്ഷന്‍ ഉണ്ട് അതില്‍ പോകുക.
ശേഷം ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. അതിനുശേഷം ഒരു query ഫോം വരും. ഇതില്‍ അക്കൗണ്ട് നമ്പര്‍, പേയ്‌മെന്റ്, ആധാര്‍, മറ്റ് ഓപ്ഷനുകള്‍ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം ഇത് submit ചെയ്യുക.

പിഎം കിസാന്‍ യോജനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് എവിടെ? 
ഇ മെയല്‍:  pmkisan-ict@gov.in. ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 155261 അല്ലെങ്കില്‍ 1800115526 (ടോള്‍ ഫ്രീ) അല്ലെങ്കില്‍ 011-23381092.

20-ാമത്തെയും 21-ാമത്തെയും ഗഡുക്കള്‍ എപ്പോള്‍ പുറത്തിറക്കും?

ഫെബ്രുവരി 24-ന് 19-ാം ഗഡു കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. 2024 ഒക്ടോബര്‍ 5-ന് 18-ാം ഗഡു പുറത്തിറക്കി. 20-ാമത്തെയും 21-ാമത്തെയും ഗഡുക്കള്‍ 2025 ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ