ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ച ചിത്രം പുറത്ത്; മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published May 27, 2020, 8:46 AM IST
Highlights

പാങോങ് തടാകത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള തിബത്തിലെ എന്‍ഗരി ഗുന്‍സ സൈനിക എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്.
 

ദില്ലി: ലഡാക്കില്‍ ഇന്ത്യ-ചൈന സൈനിക പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സ്റ്റാഫ് തലവന്‍ ബിബിന്‍ റാവത്ത്, വിദേശകാര്യ സെക്രട്ടറി എന്നിവരെയാണ് മോദി വെവ്വേറെ കണ്ട് ചര്‍ച്ച നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മൂവരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ലഡാക്കിലും സിക്കിമിലും ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. അതിനിടെ ലഡാക്കിലെ എയര്‍ബേസ് ചൈന വര്‍ധിപ്പിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. അതിര്‍ത്തിക്ക് സമീപം ചൈന യുദ്ധ വിമാനങ്ങള്‍ സജ്ജീകരിച്ചതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് പൗരന്മാരെ തിരിച്ചുവിളിച്ച ചൈനീസ് നടപടിയെ ഇപ്പോള്‍ സംശയത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.  

ചൈന എയര്‍ബേസ് വികസിപ്പിച്ചതിന്റെ സാറ്റലൈറ്റ് ചിത്രം
 

പാങോങ് തടാകത്തിന് 200 കിലോമീറ്റര്‍ അകലെയുള്ള തിബത്തിലെ എന്‍ഗരി ഗുന്‍സ സൈനിക എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. ജെറ്റ് വിമാനങ്ങള്‍ക്കായി ടാര്‍മാക്കുകള്‍ നിര്‍മിച്ചു. ഇന്ത്യയുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്ത ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചത്. ജെ-11 അല്ലെങ്കില്‍ ജെ-16 യുദ്ധവിമാനങ്ങളാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വിന്യസിച്ചിരിക്കുന്നതെന്നും സംശയമുണ്ട്. ഗല്‍വാന്‍ ഏരിയയില്‍ ഇന്ത്യ റോഡും പാലവും നിര്‍മിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
 

click me!