'സമരം നടത്തുന്നവർ രാഷ്ട്രീയം കളിക്കുന്നു'; കാർഷിക നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Dec 25, 2020, 1:20 PM IST
Highlights

c

ദില്ലി: കാർഷികനിയമങ്ങളിൽ പിന്നോട്ടില്ലെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് പുതിയ നിയമങ്ങൾ കാരണം ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ ചിലർ രാഷ്ട്രീയ കലർത്തുന്നുവന്നും മോദി വിമര്‍ശിച്ചു. കിസാൻ സമ്മാൻനിധി വിതരണം ചെയ്ത ശേഷം കർഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറ് സംസ്ഥാനങ്ങളിൽ ഉള്ളവരുമായി പ്രധാനമന്ത്രി നടത്തുന്ന ഓൺലൈൻ സംവാദം പുരോഗമിക്കുകയാണ്. പരിസ്ഥിതി സമരങ്ങളുടെ പേരിൽ സമരം നടത്തുന്ന ഇതേ ആശയക്കാർ കർഷകരെ ജയിലിൽ അടയ്ക്കുന്നുവെന്ന് പറഞ്ഞ മോദി , നിയമങ്ങളെ ശക്തമായി പ്രതിരോധിച്ചു. പുതിയ നിയമം വഴി കമ്മീഷനും അഴിമതിയും ഇല്ലാതെ കർഷകർക്ക് സഹായം എത്തുമെന്ന് മോദി വിശദീകരിച്ചു. പശ്ചിമബംഗാൾ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്രം നല്കുന്ന പണം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ കർഷകർക്കായി എന്തു കൊണ്ട് സമരം ചെയ്തില്ല. ഇതേ ഇടതുനേതാക്കൾ പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുകയാണ്. ഇടതുപക്ഷം നടത്തുന്നത് ഈവൻറ് മാനേജ്മെന്‍റാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ്. എന്തു കൊണ്ട് കേരളത്തിൽ സമരം ചെയ്ത് എപിഎംസി കൊണ്ടുവരുന്നില്ലെന്ന് മോദി ചോദിച്ചു. കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ മാറ്റങ്ങൾ കൊണ്ടു വന്നത്. ഇപ്പോഴത്തെ മാറ്റങ്ങൾ പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോൾ നിർദ്ദേശിച്ചതാണ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തവരാണ് സമരം ചെയ്യുന്നത്. കൃഷിമേഖല ആധുനികമാക്കിയേ മതിയാകൂ. കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജനങ്ങൾ തള്ളിയ ചില കക്ഷികൾ ചർച്ച തടസ്സപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കൃഷിയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ സമരത്തിൽ ഉന്നയിക്കുന്നു. ദേശവിരുദ്ധ നീക്കങ്ങൾ നടത്തിയവരെ ജയിൽ മോചിതരാക്കാൻ ആവശ്യപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ സമരം ചെയ്യുന്നവരെ ജനം തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. 

click me!