ഇ20 പെട്രോൾ ഉപയോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി വീണ്ടും അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാർ ഓട്ടോമൊബൈൽ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്നാണ് കെജ്രിവാളിൻ്റെ ആരോപണം.
ദില്ലി: കേന്ദ്ര സർക്കാർ ഓട്ടോമൊബൈൽ കമ്പനികളെ സമ്മർദത്തിലാക്കുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ഉപയോഗിക്കുന്നതുമൂലം 2023ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്ന് വെളിപ്പെടുത്താതിരിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്നാണ് കെജ്രിവാളിൻ്റെ ആരോപണം. കേന്ദ്ര സർക്കാർ കമ്പനികളെ ഭീഷണിപ്പെടുത്തുന്നതായും ഇ20 പെട്രോൾ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ ഇത്തരം ഭീഷണിയുടെയും സമ്മർദത്തിന്റെയും തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെജ്രിവാൾ ആരോപണം ഉന്നയിച്ചത്.
2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുമോ എന്നും ഈ ഇന്ധനം കാരണം വാഹനങ്ങൾക്ക് കേടുപാടുകളോ മൈലേജ് കുറവോ ഉണ്ടായാൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമോ എന്നും ചോദിച്ച് മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, കാറുകൾ, എസ്‌യുവികൾ എന്നിവ നിർമ്മിക്കുന്ന 29 കമ്പനികൾക്ക് താൻ കത്തയച്ചു. എന്നാൽ ഒരു കമ്പനി പോലും മറുപടി നൽകിയിട്ടില്ലെന്ന് കെജ്രിവാൾ പറഞ്ഞു.
ഒൻപത് കമ്പനികളിലെ ഉദ്യോഗസ്ഥരുമായി താൻ ഫോണിൽ ബന്ധപ്പെട്ടു. അവരുടെ അഭിപ്രായത്തിൽ, 2023ന് മുമ്പ് നിർമ്മിച്ച വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിനും ഫ്യുവൽ ട്രെയിൻ സിസ്റ്റവും ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഇത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കാൻ ഇടയാക്കുമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. ഈ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തിയാൽ പ്ലാന്റുകൾ പൂട്ടിപ്പിക്കുന്നതടക്കമുള്ള കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്ന് കമ്പനികൾ പൂർണമായി പൂട്ടിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായും കെജ്രിവാൾ ആരോപിച്ചു.
2023ന് മുമ്പ് നിർമ്മിച്ച ഏകദേശം 22 കോടി ഇരുചക്ര വാഹനങ്ങളും എട്ട് കോടി നാലുചക്ര വാഹനങ്ങളും ഉൾപ്പെടെ ഏതാണ്ട് 30 കോടിയോളം വാഹനങ്ങളെ ഇ20 പെട്രോൾ ബാധിച്ചേക്കാം. പെട്രോളിനേക്കാൾ വിലകൂടിയതാണ് എഥനോൾ. കലോറി മൂല്യം കുറവായതിനാൽ ഇത് കുറഞ്ഞ മൈലേജ് മാത്രമേ നൽകൂ. കർഷകർക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കെജ്രിവാൾ ആരോപിച്ചു. ശനിയാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇ20 പെട്രോളിനെക്കുറിച്ചുള്ള ദേശീയ ടൗൺ ഹാൾ യോഗം റദ്ദാക്കാൻ ദില്ലി പൊലീസ് ശ്രമിക്കുന്നതായും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.


