
ദില്ലി: പുതുവത്സര ദിനത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനൊഴികെയുള്ള രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ 'നൈബര്‍ഹുഡ് ഫസ്റ്റ്' അയല്‍രാജ്യ നയത്തിന്‍റെ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കാണ് ആശംസ നേര്‍ന്നത്. ഈ പട്ടികയില്‍ ചൈന ഇല്ല. പുതുവര്‍ഷത്തില്‍ അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. പാക് പ്രധാനമന്ത്രിയുടെ ആശംസ ഇന്ത്യക്കും ലഭിച്ചിട്ടില്ല.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖെസര്‍ നാംഗ്യെല്‍ വാങ്ചക്, ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം സൊലിഹ് എന്നിവരെയാണ് മോദി ഫോണില്‍ വിളിച്ച് ആശംസയറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക്, കശ്മീര്‍ വിഷയം എന്നിവയില്‍ പാകിസ്ഥാനുമായി കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നതിനിടെ ഇരുരാജ്യങ്ങളും പുതുവത്സരാശംസകള്‍ നേരുന്നുണ്ടോ എന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കിയിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ പാകിസ്ഥാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര വേദികളിലും പാകിസ്ഥാന്‍ വിഷയം ഉന്നയിച്ചിരുന്നു.
എന്നാല്‍, കശ്മീര്‍ വിഷയം തികച്ചും ആഭ്യന്തര വിഷയമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.