10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച

Published : Dec 08, 2025, 06:36 AM ISTUpdated : Dec 08, 2025, 10:32 PM IST
pm modi lok sabha

Synopsis

വന്ദേ മാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോക്സഭയിൽ ഇന്ന് 10 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയ്ക്ക് തുടക്കം കുറിക്കും

ദില്ലി: വന്ദേ മാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയിൽ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചർച്ചയിൽ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകർന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

610 കോടി തിരികെ നൽകി ഇൻഡിഗോ

അതേസമയം രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000 ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500 ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സി ഇ ഒ ചൂണ്ടിക്കാട്ടി. ഡിസംബർ 10 ഓടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്

യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നൽകിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.

PREV
Read more Articles on
click me!

Recommended Stories

'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി