
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് ഇന്ന് രാവിലെ 11 മണിക്ക് നടക്കും. പുതിയ രാഷ്ട്രപതി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മൻ കീ ബാത് ആണ് ഇന്ന്. രാഷ്ട്രപതിയെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അധിക്ഷേപിച്ചെന്നതടക്കമുള്ള വിവാദം പ്രധാനമന്ത്രി മൻ കീ ബാതിൽ ചർച്ചയാകുമോ എന്നത് കണ്ടറിയണം. വിലക്കയറ്റത്തിനെതിരെ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്‍ കീ ബാത് എന്നതും ശ്രദ്ധേയമാണ്.
നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണം: പ്രധാനമന്ത്രി
അതേസമയം നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്നും ഇ - കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ സംസാരിക്കുവെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭ്യമാകണമെന്നും എൻ വി രമണ അഭിപ്രായപ്പെടുകയും ചെയ്തു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം ഒരിക്കലും മറക്കരുത്, ഭാവി തലമുറയും അതോർക്കണം: പ്രധാനമന്ത്രി
അതേസമയം കഴിഞ്ഞ മാസത്തെ മൻ കി ബാത്തിൽ അടിയന്തരാവസ്ഥ കാലത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്ന് മൻ കി ബാത്തിന്‍റെ തൊണ്ണൂറാം ലക്കത്തിൽ അദ്ദേഹം ചൂണ്ടികാട്ടി. ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോടായി നരേന്ദ്രമോദി പറഞ്ഞിരുന്നു. അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുതെന്നും അദ്ദഹം ആവർത്തിച്ചു. കേരളത്തെക്കുറിച്ചും അന്ന് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. വടക്കേ ഇന്ത്യക്ക് അമർനാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയിൽ ശബരിമല യാത്ര എന്നാണ് ജൂൺ മാസത്തിലെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചത്. രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വിപുലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്
അടിയന്തരാവസ്ഥക്കാലത്ത് എല്ലാ അവകാശങ്ങളും അപഹരിക്കപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഈ അവകാശങ്ങളിൽ ഉൾപ്പെടുന്നു. ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമുണ്ടായി. രാജ്യത്തെ കോടതികൾ, എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾ, പത്രങ്ങൾ, എല്ലാം നിയന്ത്രണത്തിലാക്കപ്പെട്ടു. എന്നാൽ ജനാധിപത്യ മാർഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾ അടിയന്തരാവസ്ഥ ഒഴിവാക്കി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചു. സ്വേച്ഛാധിപത്യ മനോഭാവത്തെ ജനാധിപത്യ മാർഗങ്ങളിലൂടെ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇതുപോലൊരു ഉദാഹരണം കണ്ടെത്താൻ പ്രയാസമാണ്. അടിയന്തരാവസ്ഥയിൽ നമ്മുടെ നാട്ടുകാരുടെ സമരങ്ങൾക്ക് സാക്ഷിയാകാനും അതിൽ പങ്കാളിയാകാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്. ഭാവി തലമുറയും ഇത് മറക്കരുത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam