
ദില്ലി: കോൺഗ്രസ് രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നടക്കം 351 കോടിയിലേറെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് പാർട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ പരിഹാസം. ഇന്ത്യയിൽ കോൺഗ്രസുള്ളപ്പോൾ മണി ഹീസ്റ്റ് കഥകൾ ആർക്ക് വേണമെന്നാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചത്. 70 വർഷമായി കോൺഗ്രസ് കൊള്ള തുടരുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. നെററ്ഫ്ലിക്സിന്‍റെ ഹിറ്റ് സീരിസായ മണി ഹീസ്റ്റുമായി ബന്ധപ്പെടുത്തിയുള്ള വീഡിയോ പങ്കുവച്ചായിരുന്നു മോദിയുടെ പരിഹാസം.
ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഐ ടി റെയിഡിൽ പിടിച്ചെടുത്ത കള്ളപ്പണം എണ്ണിത്തീർത്തത് ദിവസങ്ങളെടുത്താണ്. നോട്ടെണ്ണൽ അഞ്ച് ദിവസത്തിന് ശേഷമാണ് അവസാനിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. റെയിഡിൽ കണ്ടെത്തിയത് 351 കോടി രൂപയാണെന്നും പണം 200 ബാഗുകളിലാക്കി മാറ്റിയെന്നും ആദായ നികുതി വകുപ്പ് വിവരിക്കുകയും ചെയ്തു. 25 നോട്ടെണ്ണൽ മിഷനുകളിൽ 50 ബാങ്ക് ജീവനക്കാർ ചേർന്നാണ് എണ്ണൽ പൂർത്തിയാക്കിയതെന്നും ഇ ഡി വ്യക്തമാക്കി.
കോൺഗ്രസ് രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ അനധികൃതമായി പണം ഒളിപ്പിച്ച കൂടുതൽ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജാർഖണ്ഡിലും ഒഡീഷയിലും കൂടുതൽ പരിശോധനകൾക്ക് സാധ്യതയുണ്ട്. പ്രാദേശിക പിന്തുണയില്ലാതെ ഇത്രയധികം തുക ഒളിപ്പിക്കാനാകില്ലെന്നും ജാർഖണ്ഡ് - ഒഡീഷ മുഖ്യമന്ത്രിമാർ മറുപടി പറയണമെന്നും ആവശ്യം ബി ജെ പി ശക്തമാക്കിയിട്ടുണ്ട്.
അതേസമയം കോടികൾ പിടികൂടിയ സംഭവത്തിൽ ധീരജ് പ്രസാദ് സാഹു എം പിയെ തള്ളിപ്പറയുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ധീരജ് സാഹുവിന്‍റെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞത്. പിടികൂടിയ പണത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് ധീരജ് പ്രസാദ് സാഹുവിന്‍റെ ചുമതലയലാണെന്നും പാർട്ടി ഇതിന് ഉത്തരം പറയേണ്ടതില്ലെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam