
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിയ മോദി, ഇത് ബി ജെ പിക്ക് വമ്പൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മമത ബാനർജിയുടെ ടി എം സിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളും ബംഗാളിൽ ബി ജെ പിക്ക് അനുകൂലമായി പ്രതികരിക്കുകയാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു. ഇത്രയും കാലത്തെ ഭരണത്തിൽ ടി എം സി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും കൊള്ളക്കാരുടെ ദുർഭരണം മെയ് 4 ന് അവസാനിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലായിരുന്നു പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്.
നേരത്തെ പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയിൽ തോണിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സവാരി നടത്തിയിരുന്നു. രാവിലെയാണ് മോദി സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തിയ മോദി അവിടെ പ്രഭാത നടത്തത്തിനെത്തിയവരെയും, തോണിക്കാരെയും കണ്ട് സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു.
ആദ്യ ഘട്ട വോട്ടെടുപ്പിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ത്താ സമ്മേളനം വിളിച്ച് പശ്ചിമ ബംഗാള്‍ ബി ജെ പി ഭരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബംഗാളി സംസാരിക്കുന്ന, മണ്ണിന്‍റെ മകന്‍ മുഖ്യമന്ത്രിയാകുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു. ആദ്യ ഘട്ട പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടി 152 ൽ 110 സീറ്റുകള്‍ ബി ജെ പിക്കെന്നാണ് കൊല്‍ക്കത്തയില്‍ അസാധാരണ വാര്‍ത്താ സമ്മേളനം വിളിച്ച് ഷാ ആത്മവിശ്വാസം പ്രകടമാക്കിയത്. 92.88 എന്ന പോളിംഗ് ശതമാനം മാറ്റത്തിന്‍റെ വ്യക്തമായ സൂചനയാണ്. ഇതൊടൊപ്പം പോസ്റ്റല്‍ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ 94 ശതമാനമാകും ആദ്യഘട്ടത്തിലെ പോളിംഗ്. ത്രിപുരയേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും ഉദാഹരിച്ച്, കടന്നു ചെല്ലാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ പോലും ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കിയെന്നും, ബംഗാളിലും ആ ആത്മവിശ്വാസമാണുള്ളതെന്നും അമിത് ഷാ വിശദീകരിച്ചു. ബി ജെ പി അധികാരത്തിലെത്തിയാല്‍ പുറത്ത് നിന്നുള്ളയാള്‍ ബംഗാള്‍ ഭരിക്കുമെന്ന തൃണമൂല്‍ പ്രചാരണം തള്ളി, ബംഗാളി സംസാരിക്കുന്ന ബംഗാളില്‍ നിന്നുള്ളയാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഷാ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനത്തിലധികം പോളിംഗാണ് ബംഗാളില്‍ ഇത്തവണ ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിലധികവും സ്ത്രീകളാണ്. 92. 69 ശതമാനം. പോളിംഗ് ശതമാനത്തില്‍ വർധനയുണ്ടെങ്കിലും വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം കുറവ് വോട്ടര്‍മാരേ പോളിംഗ് ബൂത്തുകളിലെത്തിയിട്ടൂള്ളൂ. നുഴഞ്ഞു കയറ്റക്കാരെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ വ്യാപകമായി ഒഴിവാക്കിയ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നേക്കുമെന്ന ആശങ്ക തൃണമൂല്‍ കേന്ദ്രങ്ങൾക്കുണ്ട്. എന്നാൽ റെക്കോര്‍ഡ് പോളിംഗില്‍ ബി ജെ പിക്ക് സമാനമായ ആത്മവിശ്വാസം തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസും പ്രകടിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam