നാലാം വ്യവസായ വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്, നമ്മൾ പുരോ​ഗതിയിലേക്ക്; നരേന്ദ്രമോദി

By Web TeamFirst Published Oct 7, 2022, 8:50 PM IST
Highlights

രാജ്യത്തെ ലോകത്തിന്റെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പരിഷ്കാരങ്ങൾ വരുത്തുന്നതിന് കേന്ദ്രസർക്കാർ യത്നിച്ചിട്ടുണ്ട്.  നാലാം വ്യവസായ വിപ്ലവത്തോടെ ലോകത്തിലെ തന്നെ പ്രധാന നിര്‍മ്മാണകേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഗാന്ധിന​ഗർ: നാലാം വ്യവസായ വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള കഴിവ്  ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന്‍ ആശയങ്ങളോടൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂടി ചേർന്നതായിരിക്കും നാലാം വ്യവസായ വിപ്ലവം. രാജ്യത്തെ ലോകത്തിന്റെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പരിഷ്കാരങ്ങൾ വരുത്തുന്നതിന് കേന്ദ്രസർക്കാർ യത്നിച്ചിട്ടുണ്ട്.  നാലാം വ്യവസായ വിപ്ലവത്തോടെ ലോകത്തിലെ തന്നെ പ്രധാന നിര്‍മ്മാണകേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
ഗുജറാത്തില്‍  നടന്ന 'ഇന്‍ഡസ്ട്രി 4.0' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. "നിരവധി കാരണങ്ങളാൽ നേരത്തെ നടന്ന വ്യാവസാിക വിപ്ലവങ്ങളുടെ ഭാ​ഗമാകാൻ ഇന്ത്യക്ക് കഴിയാതെ പോയി. പക്ഷേ, 4.0 നയിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. ചരിത്രത്തിലാദ്യമായി ജനസംഖ്യ, ആവശ്യം, നിർണ്ണായക നേതൃത്വം എന്നിവ ഒരുമിച്ച് നമുക്ക് വന്നുചേർന്നിരിക്കുകയാണ്." മോദി പറഞ്ഞു. നമ്മുടെ വ്യവസായ മേഖലയും  സംരംഭകരുമാണ് ആഗോള സാമ്പത്തിക ശൃംഖലയിലെ പ്രധാന കണ്ണിയാവാന്‍ ഇന്ത്യയെ സഹായിക്കുന്നത്. രാജ്യത്തെ ഒരു സാങ്കേതികാധിഷ്ഠിത ഉത്പാദനകേന്ദ്രമാക്കി മാറ്റാനാവശ്യമായ നടപടികളും പരിഷ്‌കാരങ്ങളുമെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മോദി അറിയിച്ചു.

മെഷീന്‍ ലേണിങ്,  ഡാറ്റാ അനലിറ്റിക്സ്,  ത്രീ ഡി പ്രിന്റിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തോടെ ആഗോളതലത്തിൽ  പ്രധാന ഉത്പാദനകേന്ദ്രമായി ഇന്ത്യ മാറുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഘനവ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയും അഭിപ്രായപ്പെട്ടു. ധാരാളം പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. കയറ്റുമതിരംഗത്തെ പ്രോത്സാഹിപ്പിക്കാനായി 18,100 കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതിയായ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന്സ ര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പാണ്ഡെ വ്യക്തമാക്കി. തെരഞ്ഞെടുത്ത കമ്പനികളുടെ ലോക്കല്‍ ബാറ്ററി ഉത്പാദനം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാരില്‍ നിന്ന് നിശ്ചിത തുക ഇന്‍സെന്‍റീവായി ലഭിക്കും. നാലാം വ്യവസായ വിപ്ലവത്തോടെ ലോകവ്യവസായ രംഗത്ത് വര്‍ദ്ധിച്ച നിലവാരം, പ്രവര്‍ത്തനക്ഷമത, ഉത്പാദനക്ഷമത എന്നിവ പ്രതീക്ഷിക്കാം. സ്മാര്‍ട്ടായ ഉത്പാദനരീതിയാണ് ഈ വിപ്ലവം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: 9 മാസത്തിനിടെ പാക് തടവറയിൽ മരിച്ചത് ആറ് ഇന്ത്യക്കാർ, ഇവരിൽ ശിക്ഷാകാലാവധി കഴിഞ്ഞവരും; ആശങ്കാജനകമെന്ന് ഇന്ത്യ

click me!